ഇന്ത്യയിൽ നിന്നും ജിദ്ദയിലേക്കുള്ള ഹജ്ജ് വിമാന സർവീസുകൾക്ക് തുടക്കമായി

ഇന്ത്യയിൽ നിന്നും ജിദ്ദയിലേക്കുള്ള ഹജ്ജ് വിമാന സർവീസുകൾക്ക് തുടക്കമായി. രണ്ട് ദിവസങ്ങളിലായി അയ്യായിരത്തിലേറെ തീർത്ഥാടകരാണ് ജിദ്ദയിൽ വിമാനമിറങ്ങിയത്. അഹമ്മദാബാദിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ജിദ്ദയിൽ എത്തിയ ആദ്യ സംഘത്തിൽ 340 തീർത്ഥാടകർ ഉണ്ടായിരുന്നു. ആദ്യ സംഘത്തെ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ തീർത്ഥാടകർ സർവീസ് ഏജൻസി ഏർപ്പെടുത്തിയ ബസ്സുകളിൽ മക്കയിലേക്ക് തിരിച്ചു. അതേ സമയം ഇന്ത്യയിൽ നിന്നും മദീനയിലേക്കുള്ള ഹജ്ജ് വിമാന സർവീസുകൾ അവസാനിച്ചു. ഇന്ത്യയിൽ നിന്നും ഇനിയുള്ള എല്ലാ ഹജ്ജ് സർവീസുകളും ജിദ്ദയിലേക്കായിരിക്കും. ഹജ്ജ് കർമങ്ങൾ കഴിഞ്ഞതിന് ശേഷമായിരിക്കും ഈ തീർത്ഥാടകരുടെ മദീന സന്ദർശനം. കഴിഞ്ഞ നാലാം തീയതി ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ആരംഭിച്ചത് മുതൽ 63,000 ത്തോളം തീർഥാടകർ മദീനയിൽ വിമാനമിറങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here