‘ആൾക്കൂട്ട ആക്രമങ്ങളിൽ ഭൂരിഭാഗവും കെട്ടിച്ചമച്ചത്’; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി

ആൾക്കൂട്ട ആക്രമണങ്ങൾ സംബന്ധിച്ച് വിവാദ പരാമർശവുമായി കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി. ആൾക്കൂട്ട ആക്രമങ്ങളിൽ ഭൂരിഭാഗവും കെട്ടിച്ചമച്ചതും വ്യാജവുമാണെന്നും നഖ്‌വി പറഞ്ഞു. രാജ്യത്ത് അടുത്ത കാലത്ത് നടന്ന ആൾക്കൂട്ട ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് ആക്രമണങ്ങളിൽ കൂടുതലും കെട്ടിച്ചമച്ചതാണെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം ബിഹാറിൽ രണ്ട് ദളിത് യുവാക്കളെയും ഒരു മുസ്ലീം യുവാവിനെയും ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ആൾക്കൂട്ട് ആക്രമണത്തിലാണ് യുവാക്കൾ മരിച്ചതെന്ന വാദം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിഷേധിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയാണ് നഖ്‌വി ആൾക്കൂട്ട ആക്രമങ്ങളെ തള്ളിപറഞ്ഞത്.

പ്രസ്താവന വിവാദമായതോടെ നഖ്‌വിക്കെതിരെ കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല രംഗത്തെത്തി. ന്യൂനപക്ഷ വിഭാഗത്തിലെ ജനങ്ങൾക്ക് രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നുപോലും നഖ്വിക്ക് അറിയില്ലെന്ന് സുർജേവാല പറഞ്ഞു. ബിജെപി ന്യൂനപക്ഷ വിഭാഗത്തെ അവഗണിക്കുകയാണ്. ആക്രമണങ്ങളിലെ പ്രതികളെ സംരക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top