കർണാടക പ്രതിസന്ധി; വിപ്പ് സംബന്ധിച്ച ഉത്തരവിൽ വ്യക്തത തേടിയുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് കോൺഗ്രസും ജെഡിഎസും ഇന്ന് ആവശ്യപ്പെടും

Supreme court judiciary

വിശ്വാസ വോട്ടെടുപ്പ് ഇന്ന് നിശ്ചയിച്ചിരിക്കേ, കർണാടക പ്രതിസന്ധി വീണ്ടും സുപ്രീംകോടതിക്ക് മുന്നിലെത്തും. വിപ്പ് സംബന്ധിച്ച ഉത്തരവിൽ വ്യക്‌തത തേടിയുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് കോൺഗ്രസും ജെഡിഎസും ഇന്ന് ആവശ്യപ്പെടും. ഇന്നുതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എംഎൽഎമാരും കോടതിയെ സമീപിച്ചിട്ടുണ്ട്.

വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ വിമത എം.എൽ.എമാരെ നിർബന്ധിക്കരുതെന്ന സുപ്രീംകോടതി നിർദേശത്തെയാണ് കോൺഗ്രസും ജെ.ഡി.എസും ചോദ്യം ചെയ്യുന്നത്. വിപ്പ് നൽകാനുള്ള രാഷ്ട്രീയ പാർട്ടികളുടെ ഭരണഘടനാ അവകാശത്തെയാണ് കോടതി ഉത്തരവ് മരവിപ്പിക്കുന്നതെന്ന് ഭരണഘടന ഉയർത്തിക്കാട്ടി ഇരു പാർട്ടികളും വാദിക്കുന്നു. ഇക്കാര്യത്തിൽ ഇന്നുതന്നെ വ്യക്‌തത വരുത്തണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെടും. കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവുവും ജെ.ഡി.എസിന് വേണ്ടി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുമാണ് ഹർജി സമർപ്പിച്ചത്.

അതേസമയം, വിശ്വാസ വോട്ടെടുപ്പ് ഇന്നുതന്നെ നടത്തണമെന്ന് സ്വതന്ത്ര എം.എൽ.എമാരായ എച്ച്. നാഗേഷും ആർ. ശങ്കറും ആവശ്യപ്പെടും. കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കേ, കോടതിയിൽ നിന്നുണ്ടാകുന്ന ഏത് നടപടിയും നിർണായകമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top