ആശുപത്രി വിവാദം; ജി.എസ് ജയലാൽ എംഎൽഎക്കെതിരെ പാർട്ടിയുടെ അച്ചടക്കനടപടി

പാർട്ടി അറിയാതെ സ്വകാര്യ ആശുപത്രി വാങ്ങിയെന്ന വിവാദത്തിൽ ചാത്തന്നൂർ എം.എൽ.എ ജി.എസ്.ജയലാലിനെതിരെ സി.പി.ഐയുടെ അച്ചടക്കനടപടി. പാർട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് ജയലാലിനെ ഒഴിവാക്കാനാണ് സംസ്ഥാന നിർവാഹകസമിതിയുടെ തീരുമാനം. സംസ്ഥാന കൗൺസിലിന്റെ അംഗീകാരത്തോടെ പിന്നീടായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
Read Also; ആശുപത്രി വാങ്ങൽ വിവാദം; ജി.എസ് ജയലാൽ എംഎൽഎയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്
നിലവിൽ സി.പി.ഐ സംസ്ഥാന കൗൺസിലിലും ജില്ലാ നിർവാഹകസമിതിയിലും അംഗമാണ് ജി.എസ്.ജയലാൽ. അച്ചടക്കനടപടിക്ക് സംസ്ഥാന കൗൺസിൽ അംഗീകാരം നൽകുന്നതോടെ ഇദ്ദേഹം പാർട്ടി അംഗം മാത്രമായി മാറും. ആശുപത്രി വിഷയത്തിൽ ജയലാലിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നാണ് നിർവാഹകസമിതിയുടെ വിലയിരുത്തൽ.ഇക്കാര്യത്തിൽ ജയലാൽ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും വലിയ സാമ്പത്തിക ഇടപാട് പാർട്ടിയിൽ നിന്നും മറച്ചുപിടിച്ചതിൽ ദുരൂഹതയുണ്ടെന്നും യോഗം വിലയിരുത്തി.
ജയലാൽ പ്രസിഡന്റായ സഹകരണ സൊസൈറ്റിയുടെ പേരിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രി വാങ്ങാനായിരുന്നു ശ്രമം. അഞ്ചേകാൽ കോടി രൂപക്ക് കരാറെഴുതി. ഒരുകോടി രൂപയിലേറെ മുൻകൂർ നൽകുകയും ചെയ്തിരുന്നു. ബാക്കി തുക കണ്ടെത്താൻ ഓഹരി സമാഹരിക്കാൻ അനുവാദം തേടിയപ്പോഴാണ് വിഷയം പാർട്ടിയുടെ ശ്രദ്ധയിൽ പെട്ടത്. പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ഇതിനെതിരെ പരാതി നൽകിയതോടെയാണ് അച്ചടക്കനടപടിയിലേക്ക് കാര്യങ്ങൾ എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here