തൊടുപുഴയിൽ ഏഴ് വയസുകാരനെ അമ്മയുടെ കാമുകൻ കൊലപ്പെടുത്തിയ സംഭവം; വിചാരണ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

തൊടുപുഴയിൽ ഏഴു വയസുകാരനായ കുട്ടിയെ അമ്മയുടെ കാമുകൻ കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട നടപടികൾ പരിശോധിച്ച ശേഷം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് സർക്കാരിന് നിർദേശം നൽകി.

കോടതി ഉത്തരവ് അനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിക്കെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. അതിനിടെയാണ് അന്വേഷണം ഉടൻ പൂർത്തിയാക്കി, വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയത്.

ഏഴു വയസുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയം ഹൈക്കോടതി സ്വമേധയാ ഹർജിയായി പരിഗണിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top