‘പിന്‍വാതിലിലൂടെ ഇരിപ്പിടം തരപ്പെടുത്തി രാജീവ് ചന്ദ്രശേഖര്‍ അല്‍പ്പത്തരം കാണിച്ചു’; കുറ്റപ്പെടുത്തലുമായി ദേശാഭിമാനി എഡിറ്റോറിയല്‍

വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അല്‍പ്പത്തരം കാണിച്ചെന്ന് കുറ്റപ്പെടുത്തി സിപിഐഎം മുഖപത്രം ദേശാഭിമാനിയുടെ മുഖപ്രസംഗം. പിന്‍വാതിലിലൂടെയാണ് രാജീവ് ചന്ദ്രശേഖര്‍ ഇരിപ്പിടം തരപ്പെടുത്തിയതെന്ന് സിപിഐഎം മുഖപത്രം പരിഹസിച്ചു. മണിക്കൂറുകള്‍ക്ക് മുന്‍പേ വേദിയില്‍ വന്നിരുന്ന അദ്ദേഹം അവിടെയിരുന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് മുദ്രാവാക്യം വിളിച്ചുകൊടുത്തു. രാജീവ് ചന്ദ്രശേഖറിന്റെ അല്‍പ്പത്തരത്തിന് രാജ്യം സാക്ഷിയായെന്നും എഡിറ്റോറിയലില്‍ പരാമര്‍ശമുണ്ട്. (deshabhimani editorial slams Rajeev Chandrasekhar vizhinjam)
രാജ്യത്തിന്റെയാകെ വികസനത്തിന് നാഴികക്കല്ലാകുന്ന ഈ സന്ദര്‍ഭത്തില്‍ സങ്കുചിതവും ബാലിശവുമായ മുതലെടുപ്പ് നടത്തിയ പ്രതിപക്ഷ നേതാവും നാണംകെട്ടുവെന്നും എഡിറ്റോറിയലിലൂടെ ദേശാഭിമാനി വിമര്‍ശിക്കുന്നു. ഇരിപ്പിടം ഉണ്ടായിട്ടും വിഡി സതീശന്‍ വന്നില്ല. ക്രെഡിറ്റ് കൊടുക്കാത്തതാണ് പ്രതിപക്ഷ നേതാവിന്റെ പ്രശ്‌നം. ശശി തരൂരും വിന്‍സന്റുമൊക്കെ പങ്കെടുത്തതോടെ സതീശന്‍ ഒറ്റപ്പെട്ടുവെന്നും എഡിറ്റോറിയലിലുണ്ട്.
ഭിന്നിപ്പിന്റെയും വിഭജിക്കലിന്റെയും രാഷ്ട്രീയ പ്രയോഗങ്ങളല്ല നാടിന് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചതായി എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടി. ഭാവനാശാലിയായ രാഷ്ട്രതന്ത്രജ്ഞനാണ് പിണറായി വിജയന്‍. രാഷ്ട്രീയ നേതാവായ പിണറായി വിജയനെയല്ല ഉദ്ഘാടന ചടങ്ങില്‍ കണ്ടത്. 2016ല്‍ അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ഒമ്പതു വര്‍ഷം ചിട്ടയോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുതന്നെയാണ് വിഴിഞ്ഞം പദ്ധതിയുടെ പൂര്‍ണ ക്രെഡിറ്റെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നു.
Story Highlights : deshabhimani editorial slams Rajeev Chandrasekhar vizhinjam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here