സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യുവാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. തിരുവനന്തപുരത്ത് നടന്ന സംഘർഷങ്ങളിൽ കെഎസ്‌യു പ്രവർത്തകർക്ക് പരിക്കേറ്റ പശ്ചാത്തലത്തിലാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചിരുന്നു. പൊലീസിന് നേരെ പ്രവർത്തകർ കല്ലും കുപ്പികളും വലിച്ചെറിഞ്ഞു. സിഐ ഉൾപ്പെടെയുള്ള പൊലീസുകാർക്കും മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റു.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നിരവധി തവണ ലാത്തിവീശി. ഇതിനിടെ സെക്രട്ടേറിയറ്റ് പരിസരത്തേക്കെത്തിയ രണ്ട് പൊലീസ് വാഹനങ്ങളുടെ ചില്ലുകൾ പ്രതിഷേധക്കാർ എറിഞ്ഞു തകർത്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. ഇരുപതോളം കണ്ണീർവാതക ഷെല്ലുകളും ഗ്രനേഡുകളുമാണ് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ പ്രയോഗിച്ചത്. പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോകാതെ സംഘടിച്ചെത്തി പൊലീസിന് നേരെ തിരിയുകയായിരുന്നു. തുടർന്ന് പൊലീസ് തുടർച്ചയായി കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു.
സംഘങ്ങളായി തിരിഞ്ഞ് പൊലീസിനെ കല്ലെറിഞ്ഞ പ്രവർത്തകർക്കു നേരെ പൊലീസ് പല തവണ ലാത്തി വീശുകയും ചെയ്തു. കെഎസ്‌യു അധ്യക്ഷൻ കെ.എം അഭിജിത്ത് നടത്തുന്ന നിരാഹാര സമരത്തിന്റെ വേദിയ്ക്ക് സമീപത്തേക്കും പൊലീസ് പ്രയോഗിച്ച കണ്ണീർവാതക ഷെല്ലുകളും ഗ്രനേഡുകളും തെറിച്ചു വീണു. ഇതേ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട അഭിജിത്ത് അടക്കമുള്ള നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here