കൊച്ചിയിലെ ലാത്തിച്ചാർജിൽ സിപിഐക്ക് അതൃപ്തി; നടപടിയാവശ്യപ്പെട്ട് മന്ത്രി ഇ.ചന്ദ്രശേഖരൻ മുഖ്യമന്ത്രിയെ കണ്ടു

കൊച്ചിയിൽ സിപിഐ നടത്തിയ ഐ.ജി ഓഫീസ് മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ സിപിഐ നേതൃത്വത്തിന് അതൃപ്തി. മന്ത്രി ഇ.ചന്ദ്രശേഖരൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അതൃപ്തിയറിയിച്ചു. എൽദോ എബ്രഹാം എംഎൽഎയെ അടക്കം മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി വേണമെന്ന് ചന്ദ്രശേഖരൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കൊച്ചിയിലെ ലാത്തിച്ചാർജ്ജിനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ എസ്.സുഹാസിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. വൈപ്പിൻ ഗവ.കോളേജിലെ എസ്എഫ്‌ഐ അക്രമത്തിനെതിരെ സിപിഐ ഇന്ന് കൊച്ചിയിൽ ഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ബാരിക്കേഡ് മറികടന്ന് മുന്നേറാൻ ശ്രമിച്ച സിപിഐ നേതാക്കൾക്കെതിരെ പൊലീസ് ലാത്തിച്ചാർജും ജലപീരങ്കി പ്രയോഗവും നടത്തി. മാർച്ചിന്റെ മുൻനിരയിലുണ്ടായിരുന്ന മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന് ലാത്തിച്ചാർജിലും ജലപീരങ്കി പ്രയോഗത്തിലും പരിക്കേറ്റിരുന്നു. കൈ ഒടിയുകയും പുറത്ത് പരിക്കേൽക്കുകയും ചെയ്ത എൽദോ എബ്രഹാം എംഎൽഎ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here