‘നിങ്ങൾ ഉദ്ദേശിക്കുന്ന എൽദോ ഞാനല്ല’; ലാത്തിച്ചാർജിൽ പരിക്കേറ്റതിന്റെ വിവരങ്ങളറിയാൻ എൽദോസ് കുന്നപ്പിള്ളിക്കും ഫോൺവിളികൾ

കൊച്ചിയിൽ സിപിഐ നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എംഎൽഎക്ക് പരിക്കേറ്റതിന് പിന്നാലെ വിവരങ്ങൾ അന്വേഷിച്ച് എൽദോസ് കുന്നപ്പിള്ളിക്കും ഫോൺവിളികൾ. പൊലീസിന്റെ അടിയേറ്റ് പരിക്കേറ്റത് മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിനാണെങ്കിലും പേരിലെ സാദൃശ്യം കാരണം തെറ്റിദ്ധരിച്ച് പലരും വിളിച്ചത് തൊട്ടടുത്ത മണ്ഡലമായ പെരുമ്പാവൂരിലെ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെയായിരുന്നു.
മൊബൈലിലേക്കും ഓഫീസ് ഫോണിലേക്കുമെല്ലാം നിരന്തരമായി വിളികളെത്തിയതോടെ പൊലീസ് മർദനത്തിനിരയായ എൽദോ താനല്ലെന്നും സിപിഐ എംഎൽഎ എൽദോ എബ്രഹാം ആണെന്നും എൽദോസ് കുന്നപ്പള്ളി ഫേസ്ബുക്കിലൂടെ അറിയിച്ചു.തന്നെ വിളിച്ച എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി പറയുന്നതായും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്
പോലീസ് അതിക്രമത്തിൽ പരുക്കേറ്റ എംഎൽഎയ്ക്ക് എങ്ങനെയുണ്ട് എന്നറിയാൻ നിരവധി ആളുകളാണ് എന്റെ ഫോണിലേയ്ക്കും ഓഫീസിലേയ്ക്കും വിളിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ന് പോലീസ് മർദ്ദനത്തിനിരയായ ആ എൽദോ ഞാനല്ല,
സുഹൃത്തും സിപിഐ എംഎൽഎയുമായ എൽദോ എബ്രഹാമാണ്.
വിവരമറിഞ്ഞ് അദ്ദേഹത്തെ ഞാൻ വിളിച്ചിരുന്നു ഫോണിൽ കിട്ടിയില്ല.
സാരമായ പരുക്കുകളൊന്നുമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദി.
വൈപ്പിൻ ഗവ.കോളേജിലെ എസ്എഫ്‌ഐ അക്രമത്തിനെതിരെ സിപിഐ ഇന്ന് കൊച്ചിയിൽ ഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ബാരിക്കേഡ് മറികടന്ന് മുന്നേറാൻ ശ്രമിച്ച സിപിഐ നേതാക്കൾക്കെതിരെ പൊലീസ് ലാത്തിച്ചാർജും ജലപീരങ്കി പ്രയോഗവും നടത്തി.
Read Also; പൊലീസിനെ നിയന്ത്രിക്കാൻ ഒരു സംവിധാനവും സംസ്ഥാനത്തില്ലെന്ന് എൽദോ എബ്രഹാം എംഎൽഎ
ലാത്തിച്ചാർജിൽ പുറത്ത് പരിക്കേറ്റ എൽദോ എബ്രഹാം എംഎൽഎ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റതിനാലാണ് അത് പ്രതിപക്ഷ എംഎൽഎയായ എൽദോസ് കുന്നപ്പിള്ളിയാണെന്ന് പലരും തെറ്റിദ്ധരിക്കാനിടയായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here