പൊലീസിനെ നിയന്ത്രിക്കാൻ ഒരു സംവിധാനവും സംസ്ഥാനത്തില്ലെന്ന് എൽദോ എബ്രഹാം എംഎൽഎ

ആഭ്യന്തരവകുപ്പിനെ രൂക്ഷമായി വിമർശിച്ച് എൽദോ എബ്രഹാം എംഎൽഎ. പൊലീസിനെ നിയന്ത്രിക്കാൻ ഒരു സംവിധാനവും സംസ്ഥാനത്തില്ലെന്നും നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ പൊലീസ് നടക്കുകയാണെന്നും സിപിഐ എംഎൽഎ എൽദോ എബ്രഹാം പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസിന് കഴിയുന്നില്ല. സർക്കാരിന്റെ തെറ്റായ സമീപനങ്ങൾക്കെതിരെ തെറ്റു തിരുത്തൽ ശക്തിയായി സിപിഐ മാറുമെന്നും എൽദോ എബ്രഹാം പറഞ്ഞു.
സിപിഐ ഇന്ന് കൊച്ചിയിൽ നടത്തിയ ഐ.ജി ഓഫീസ് മാർച്ചിനു നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എംഎൽഎയ്ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ എംഎൽഎ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് പ്രവർത്തകർക്കു നേരെ ലാത്തിച്ചാർജ് നടത്തിയതെന്നും ഇതുവരെ പങ്കെടുത്ത ഒരു സമരത്തിലും കാണാത്ത നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും എൽദോ എബ്രഹാം പറഞ്ഞു. അതേ സമയം എംഎൽഎയെ മർദിച്ച പൊലീസുകാരെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്ന് സിപിഐ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.
Read Also; സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഡിവൈഎഫ്‌ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞു
വൈപ്പിൻ ഗവ.കോളേജിലെ എസ്എഫ്‌ഐ അക്രമത്തിൽ പ്രതിഷേധിച്ച് സിപിഐ ഇന്ന് രാവിലെയാണ് കൊച്ചി ഐ.ജി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച സിപിഐ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ലാത്തിച്ചാർജ്ജിൽ മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന് പുറത്ത് അടിയേൽക്കുകയായിരുന്നു. നിരവധി സിപിഐ ജില്ലാ നേതാക്കൾക്കും പരിക്കേറ്റിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here