ഏഴു തവണ ഫൈനലുകളിൽ പരാജയപ്പെട്ടു; ന്യൂസിലൻഡിനെതിരെയും തോറ്റിരുന്നുവെങ്കിൽ വിരമിക്കുമായിരുന്നുവെന്ന് ജോസ് ബട്‌ലർ

കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ താന്‍ ക്രിക്കറ്റ് വിടുമായിരുന്നുവെന്ന് ഇംഗ്ലണ്ടിൻ്റെ കീക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലര്‍. ന്യൂസിലാന്‍ഡിനെതിരായ ഫൈനലിനു മുമ്പ് പരാജയ ഭീതി അലട്ടിയിരുന്നു. തോറ്റിരുന്നെങ്കില്‍ പിന്നീടെങ്ങനെ ക്രിക്കറ്റ് കളിക്കുമെന്നും ഭയമുണ്ടായിരുന്നു. കാരണം ലോര്‍ഡ്‌സില്‍ വച്ച് ലോകകപ്പ് ഫൈനലില്‍ കളിക്കുകയെന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഭാഗ്യമാണിത്. ഫൈനലില്‍ തോറ്റിരുന്നെങ്കില്‍ പിന്നീടൊരിക്കലും ബാറ്റേന്താന്‍ തനിക്കു പ്രചോദനം ലഭിക്കില്ലായിരുന്നുവെന്നും ബട്‌ലര്‍ പറഞ്ഞു.

ലോകകപ്പ് ഫൈനലിനു മുമ്പ് രാജ്യത്തിനും വിവിധ ടീമുകള്‍ക്കൊപ്പം എട്ടു ഫൈനലുകളില്‍ കളിച്ചിട്ടുണ്ട്. ഇതില്‍ ഏഴിലും തന്റെ ടീം തോറ്റിരുന്നു. ഫൈനലില്‍ പരാജയമേറ്റുവാങ്ങി എതിര്‍ ടീം കിരീടമുയര്‍ത്തുന്നത് സഹിക്കാന്‍ കഴിയില്ല. ഒരിക്കല്‍ക്കൂടി അതേ വേദനയും നിരാശയുമുണ്ടാവരുതെന്ന് ലോകകപ്പ് ഫൈനലിനു മുമ്പ് ആഗ്രഹിച്ചിരുന്നതായും ബട്‌ലര്‍ വെളിപ്പെടുത്തി.

ഫൈനലില്‍ പരാജയപ്പെട്ട ന്യൂസിലാന്‍ഡിനെയോര്‍ത്ത് ദുഖമുണ്ട്. എന്നാല്‍ അവരുടെ സ്ഥാനത്ത് തങ്ങള്‍ ആവാതിരുന്നതില്‍ സന്തോഷവുമുണ്ട്. ഇംഗ്ലണ്ടിന്റെ വിജയം നേരത്തേ തന്നെ നക്ഷത്രങ്ങളില്‍ കുറിക്കപ്പെട്ടതാണ്. അത് തന്നെയായിരുന്നു തങ്ങളുടെ നിയോഗമെന്നും ഇംഗ്ലീഷ് താരം പറഞ്ഞു.

അത്യധികം ആവേശകരമായ ഫൈനലില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിയമത്തിന്റെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് വിജയികളായത്. നിശ്ചിത ഓവറിലും പിന്നീട് നടന്ന സൂപ്പര്‍ ഓവറിലും ഇരുടീമുകളുടെയും സ്‌കോര്‍ ടൈയില്‍ കലാശിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top