ഇന്ത്യയില്‍ നിന്നും ജിദ്ദയിലേക്കുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ക്ക് തുടക്കമായി

ഇന്ത്യയില്‍ നിന്നും ജിദ്ദയിലേക്കുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ക്ക് തുടക്കം. രണ്ട് ദിവസങ്ങളിലായി അയ്യായിരത്തിലേറെ തീര്‍ഥാടകര്‍ ജിദ്ദയില്‍ വിമാനമിറങ്ങി. മദീനയിലേക്കുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ അവസാനിച്ചു.

ഇന്ത്യയില്‍ നിന്നും മദീനയിലേക്കുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ അവസാനിച്ചു. ജിദ്ദയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്നലെ ആരംഭിച്ചു. അഹമദാബാദില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ജിദ്ദയില്‍ എത്തിയ ആദ്യ സംഘത്തില്‍ മുന്നൂറ്റി നാല്‍പ്പത് തീര്‍ഥാടകര്‍ ഉണ്ടായിരുന്നു. ആദ്യ സംഘത്തിനു ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ തീര്‍ഥാടകര്‍ സര്‍വീസ് ഏജന്‍സി ഏര്‍പ്പെടുത്തിയ ബസുകളില്‍ മക്കയിലേക്ക് തിരിച്ചു.

ഐപിഡബ്ലിയുഎഫ്, കെഎംസിസി എന്നിവയുടെ പ്രവര്‍ത്തകരും ആദ്യ സംഘത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇന്നലെയും ഇന്നും ഇരുപത് വിമാനങ്ങളിലായി അയ്യായിരത്തി മുന്നൂറോളം തീര്‍ഥാടകര്‍ ജിദ്ദയിലെത്തി. ഇന്ത്യയില്‍ നിന്നും ഇനിയുള്ള എല്ലാ ഹജ്ജ് സര്‍വീസുകളും ജിദ്ദയിലേക്കായിരിക്കും. ഹജ്ജ് കര്‍മങ്ങള്‍ കഴിഞ്ഞതിന് ശേഷമായിരിക്കും ഈ തീര്‍ഥാടകരുടെ മദീന സന്ദര്‍ശനം. കഴിഞ്ഞ നാലാം തിയ്യതി ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ആരംഭിച്ചത് മുതല്‍ അറുപത്തി മുവ്വായിരത്തോളം തീര്‍ഥാടകര്‍ മദീനയില്‍ വിമാനമിറങ്ങി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top