ഇസ്രയേല്‍-പലസ്തീന്‍ അതിര്‍ത്തി പ്രദേശമായ വെസ്റ്റ്ബാങ്കിലെ വീടുകള്‍ ഇടിച്ച് നിരത്തി ഇസ്രയേല്‍ സൈന്യം

ഇസ്രയേല്‍-പലസ്തീന്‍ അതിര്‍ത്തി പ്രദേശമായ വെസ്റ്റ്ബാങ്കിലെ വീടുകള്‍ ഇടിച്ച് നിരത്തി ഇസ്രയേല്‍ സൈന്യം. പലസ്തീനില്‍ നിന്നുള്ള പ്രതിഷേധങ്ങളേയും അന്താരാഷ്ട്ര വിമര്‍ശനങ്ങളേയും മറികടന്നാണ് ഇസ്രയേലിന്റെ നടപടി.

നിയമം മറികടന്ന് നിര്‍മ്മിച്ച വീടുകളാണ് പൊളിച്ച് നീക്കുതെന്നാണ് ഇസ്രായേലിന്റെ വാദം. അതിര്‍ത്തി പ്രദേശമായ സുര്‍ ബഹേറിലെ നൂറോളം ഫ്‌ലാറ്റുകളാണ് സൈന്യം പൊളിച്ച് നീക്കുന്നത്. നിര്‍മ്മാണ നിരോധനമേഖലയിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. മാത്രമല്ല , കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം അക്രമികള്‍ക്ക് നുഴഞ്ഞ് കയറാന്‍ എളുപ്പമാണ്. ഇത് തടയാനാണ് ഈ നീക്കമെന്നുമാണ് ഇസ്രയേലിന്റെ വാദം.

ബുള്‍ഡോസറുകളുമായി എത്തിയ നൂറുകണക്കിന് സൈനികരും പൊലീസും ചേര്‍ന്നാണ് കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയത്. കഴിഞ്ഞ മാസമാണ് ഇസ്രയേല്‍ സുപ്രിംകോടതി സൈന്യത്തിന് അനുകൂലമായി വിധി പറഞ്ഞത്. ഏഴ് വര്‍ഷത്തെ നിയമ യുദ്ധത്തിന് ശേഷമാണ് സൈന്യം അനുകൂല വിധി സ്വന്തമാക്കിയത്. എന്നാല്‍ വെസ്റ്റ് ബാങ്ക് പ്രദേശം പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടിയെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top