ബംഗ്ലാദേശിനെതിരെ വിടവാങ്ങൽ മത്സരം; ലസിത് മലിംഗ കളമൊഴിയുന്നു

ഈ മാസം 26ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന ആദ്യ ഏകദിനത്തോടെ ശ്രീലങ്കൻ പേസർ ലസിത് മലിംഗ ക്രിക്കറ്റിൽ നിന്നും വിരമിക്കും. ശ്രീലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്നെയാണ് ഇക്കാര്യം അറിയിച്ചത്. ബംഗ്ലാദേശിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളാണ് ശ്രീലങ്കയ്ക്കുള്ളത്.

35കാരനായ മലിംഗ ശ്രീലങ്കയ്ക്കായി 225 ഏകദിനങ്ങളിൽ ജേഴ്സി അണിഞ്ഞിട്ടുണ്ട്. 29.02 ശരാശരിയിൽ ആകെ 335 വിക്കറ്റുകൾ മലിംഗയുടെ പേരിലുണ്ട്. ഇക്കഴിഞ്ഞ ലോകകപ്പിലും ശ്രീലങ്കയ്ക്കായി ഏറ്റവുമധികം വിക്കറ്റുകളെടുത്തത് മലിംഗയായിരുന്നു.

ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച മൂന്നാമത്തെ വിക്കറ്റ് ടേക്കറാണ് മലിംഗ. മുത്തയ്യ മുരളീധരൻ, ചമിന്ദ വാസ് എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. 2011ൽ അദ്ദേഹം ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top