ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതില്‍ കൂടുതല്‍ ക്രമക്കേടുകള്‍ ഉണ്ടായതായി തെളിവ്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതില്‍ ക്രമക്കേടിന് കൂടുതല്‍ തെളിവുകള്‍. കണ്ടെത്തിയ ബുക് ലെറ്റുകളിലൊന്ന് പ്രണവ് എന്ന വിദ്യര്‍ത്ഥിക്ക് നല്‍കിയതാണെന്ന് കോളേജ് അധികൃതര്‍ പൊലീസിനെ അറിയിച്ചു. സംഭവത്തില്‍ ഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ അന്വേഷണം കൈമാറിയിട്ടില്ല.

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമകേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് 16 കെട്ട് ഉത്തരക്കടലാസുകള്‍ ആണ് അന്വേഷണ സംഘം പരിശോധനയില്‍ പിടിച്ചെടുത്തത്. ഇതിലുള്‍പ്പെട്ട ബുക് ലെറ്റുകളില്‍ ഒന്ന് കോളേജിലെ പ്രണവ് എന്ന വിദ്യാര്‍ത്ഥിക്ക് പരീക്ഷാ സമയത്ത് നല്‍കിയിരുന്നതാണെന്ന് കോളേജ് അധികൃതര്‍ അന്വേഷണ സംഘത്തെ അറിയിച്ചു.

പിഎസ്‌സിയുടെ പൊലീസ് റാങ്ക് പട്ടികയില്‍ രണ്ടാം റാങ്കുകാരനാണ് പ്രണവ്. വീട്ടില്‍ കണ്ടെത്തിയ മറ്റ് ഉത്തരക്കടലാസുകള്‍ എവിടെ നിന്നാണെന്നതില്‍ വ്യക്തതയില്ല. കോളേജില്‍ നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് എത്തിയ അധികൃതര്‍ ഉപേക്ഷിച്ചു പോയതാണ് ഉത്തരക്കടലാസുകള്‍ എന്നായിരുന്നു ശിവരഞ്ജിത്തിന്റെ മൊഴി.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ പേരിലുള്ള വ്യാജ സീല്‍ പ്രതികള്‍ ഹാജര്‍ നേടാന്‍ ഉപയോഗിച്ചിരുന്നതാണെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. ക്ലാസില്‍ കയറാത്ത ദിവസങ്ങളില്‍ ഹാജര്‍ നേടാനായി ഡയറക്ടറുടെ പേരില്‍ കത്ത് തയ്യാറാക്കി സീല്‍ പതിക്കുന്നതായിരുന്നു രീതി. അതേ സമയം ഉത്തരക്കടലാസ് വിവാദത്തില്‍ ഡിജിപി പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചില്ല. പൊലീസ് അന്വേഷണം സംബന്ധിച്ച് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് തടസമെന്നാണ് വിശദീകരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top