ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ബോറിസ് ജോണ്‍സന്‍ ഇന്ന് അധികാരമേല്‍ക്കും

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സന്‍ ഇന്ന് അധികാരമേല്‍ക്കും. തെരേസ മെയ് ഇന്ന് എലിസബത്ത് രാജ്ഞിക്ക് രാജി സമര്‍പ്പിക്കും. ബ്രെക്‌സിറ്റില്‍ യൂറോപ്യന്‍ യൂണിയനുമായി കരാര്‍ വേണമോ എന്നതില്‍ ബോറിസ് ജോണ്‍സന്റെ നിലപാട് നിര്‍ണായകമാകും.

ബോറീസ് 92,153 വോട്ടുകള്‍ നേടിയപ്പോള്‍ എതിരാളി വിദേശകാര്യ സെക്രട്ടറി ജറമി ഹണ്ടിന് 46,656 വോട്ടുകള്‍ നേടാനെ കഴിഞ്ഞൊളു. വോട്ടവകാശമുള്ള ഒന്നരലക്ഷം പാര്‍ട്ടി അംഗങ്ങളില്‍ 84.7 ശതമാനം വോട്ട് ചെയ്തു. യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ വേര്‍പെടണമെന്നാണ് ബ്രിട്ടീഷ് ജനത ആഗ്രഹിക്കുന്നതെന്ന് വിജയപ്രഖ്യാപനത്തിനു പിന്നാലെ ബോറിസ് ജോണ്‍സന്‍ പറഞ്ഞു.

വിടവാങ്ങല്‍ പ്രസംഗത്തിന് പിന്നാലെ തെരേസാ മേ ഇന്ന്ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി എലിസബത്ത് രാജ്ഞിക്ക് രാജി സമര്‍പ്പിക്കും. അതിനുശേഷമായിരിക്കും ബോറിസ് അധികാരമേറ്റെടുക്കുക. ബോറീസ് അനുയായികളും കടുത്ത ബ്രെക്‌സിറ്റ് വാദികളുമായ പ്രീതി പട്ടേല്‍, ഋഷി സുനാക് എന്നീ ഇന്ത്യന്‍ വംശജരായ എംപിമാര്‍ പുതിയ മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കും.

മുന്‍ ലണ്ടന്‍ മേയറും അന്പത്തിയഞ്ചുകാരനുമായ ബോറിസ് ഇന്ത്യന്‍ വംശജരോട് അടുപ്പം പുലര്‍ത്തുന്നയാളാണ്. വിവാഹമോചനത്തിനു ശ്രമിക്കുന്ന ബോറിസിന്റെ രണ്ടാം ഭാര്യ മരിയാന വീലറിന്റെ അമ്മ ഇന്ത്യക്കാരിയാണ്. ഇന്ത്യയുടെ മരുമകനാണു താനെന്ന് ജോണ്‍സന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യക്തിപരമായ അടുപ്പം ജോണ്‍സന്‍ സൂക്ഷിക്കുന്നുണ്ട്.

നേതൃമാറ്റത്തോടെ ബ്രെക്സിറ്റ് ഭാവി എന്തായിത്തീരുമെന്നതാണ് ഇനി അറിയാനുള്ളത്. കരാറില്ലാതെ പിന്‍മാറിയാല്‍ യൂറോപ്യന്‍ യൂണിയനില്‍ മാത്രമല്ല, ബ്രിട്ടനില്‍ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണു വിലയിരുത്തല്‍. എന്നാല്‍, ശക്തമായ ബ്രിട്ടീഷ് സമ്പദ്ഘടനയ്ക്ക് ഇത് വെല്ലുവിളിയാകില്ലെന്നാണ് ബോറിസിന്റെ വാദം

ബോറിസ് ജോണ്‍സന്റെ വിജയവാര്‍ത്തക്ക് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അദ്ദേഹം മഹാനാകും എന്ന് ട്വീറ്റ് ചെയ്തു. ‘ബ്രിട്ടിഷ് ട്രംപ്’ എന്നു വിശേഷിപ്പിക്കാവുന്ന ബോറിസ് ജോണ്‍സന്‍, പക്ഷേ തീവ്ര ദേശീയ നിലപാടുകളുടെ കാര്യത്തില്‍ യുഎസ് പ്രസിഡന്റിനെക്കാള്‍ ഒരുപടി മുന്നിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top