യുഡിഎഫിനെ ആശങ്കയിലാഴ്ത്തി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

യുഡിഎഫിനെ ആശങ്കയിലാഴ്ത്തി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങള്‍ വ്യത്യസ്ത സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ നാടകീയ നീക്കങ്ങളാകും അരങ്ങേറുക. ആര്‍ക്ക് പിന്തുണ നല്‍കണമെന്ന കോണ്‍ഗ്രസിന്റെ തീരുമാനത്തിനൊപ്പം, ഇടതുപക്ഷത്തിന്റെ നിലപാടും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവും.

യുഡിഎഫിലെ ധാരണ പ്രകാരം പ്രസിഡന്റ് പദവി കേരള കോണ്‍ഗ്രസിന് കൈമാറാനായാണ് കോണ്‍ഗ്രസിലെ സണ്ണി പാമ്പാടി സ്ഥാനെമാഴിഞ്ഞത്. എന്നാല്‍ കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തില്‍ ഇന്ന് നടക്കേണ്ട വോട്ടെടുപ്പ് കോണ്‍ഗ്രസിന് തലവേദനയായി. സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ പ്രസിഡന്റ് പദവിയിലേക്ക് നിര്‍ദ്ദേശിച്ച ജോസ് കെ മാണി വിഭാഗത്തെ തള്ളി, പിജെ ജോസഫ് അജിത്ത് മുതിരമലയ്ക്കു വേണ്ടി വിപ്പ് നല്‍കി.

വിപ്പ് നല്‍കാനുള്ള അധികാരം ആര്‍ക്കെന്ന കാര്യത്തില്‍ ഇരു വിഭാഗങ്ങളും അവകാശ വാദങ്ങള്‍ തുടരുകയാണ്. യുഡിഎഫില്‍ നിന്ന് രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായതോടെ, കോണ്‍ഗ്രസും പ്രതിസന്ധിയിലായി. ഇരുപത്തിരണ്ട് അംഗങ്ങളില്‍ കോണ്‍ഗ്രസിന്റെ എട്ട് പേരും, കേരള കോണ്‍ഗ്രസിന്റെ ആറ് പേരും ചേര്‍ന്നാണ് നിലവില്‍ ഭരണം നടത്തുന്നത്. സിപിഐഎമ്മിന്റെ ആറ് അംഗങ്ങളും, സിപിഐയുടെ ഒരംഗവും, ഒരു സ്വതന്ത്ര അംഗവുമാണ് മറ്റുള്ളവര്‍. ഭരണം നിലനിര്‍ത്താന്‍ ഇരു വിഭാഗങ്ങളുമായി യുഡിഎഫ് നേതൃത്വം നടത്തിയ ചര്‍ച്ച ഫലംകണ്ടില്ല. ഇതോടെ ഇന്ന് വോട്ടെടുപ്പിനിടെ നാടകീയ സംഭവങ്ങള്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പായി. കോണ്‍ഗ്രസ് പിന്തുണയ്ക്ക് പുറമെ, ഇടത് അംഗങ്ങളുടെ നിലപാടും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. മുമ്പ് സിപിഎമ്മുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് ഭരിച്ച ചരിത്രവും കേരള കോണ്‍ഗ്രസിനുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top