Advertisement

സമൂഹം വേട്ടയാടുന്ന മനുഷ്യർ; ശക്തമായ രാഷ്ട്രീയം പറഞ്ഞ് ‘മമ്മാലി എന്ന ഇന്ത്യക്കാരൻ’ തിയേറ്ററുകളിലേക്ക്

July 24, 2019
Google News 3 minutes Read

സമൂഹത്തിൽ ചർച്ചയാകുന്ന നിരവധി വിഷയങ്ങൾ ഒരൊറ്റ ഫ്രെയിമിൽ അവതരിപ്പിക്കുകയാണ് ‘മമ്മാലി എന്ന ഇന്ത്യക്കാരൻ’ എന്ന ചിത്രത്തിൽ. ഹിന്ദുത്വഫാസിസം, പശുഭീകരത, പൊലീസ് വേട്ടയാടൽ, മാവോയിസം, ട്രാൻസ്‌ജെൻഡറുകൾ നേരിടുന്ന അവഗണന, ഇസ്ലാമോമോബിയ, അടിച്ചമർത്തൽ എന്നിവയെല്ലാം ഈ ഒരു സിനിമയിൽ പ്രമേയമാകുന്നു. ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേർന്ന് മകൻ കൊല്ലപ്പെട്ട ശേഷം ഒരു കുടുംബം കടന്നു പേകുന്ന പ്രതിസന്ധിഘട്ടങ്ങളെ സിനിമ തുറന്നു കാട്ടുന്നു. ശക്തമായ രാഷ്ട്രീയം പറയുന്ന ‘മമ്മാലി എന്ന ഇന്ത്യക്കാരൻ’ ആഗസ്റ്റ് രണ്ടിന് തിയേറ്ററുകളിൽ എത്തും.

ഡോക്യുമെന്ററികളിലൂടെ ശ്രദ്ധേയനായ അരുൺ എൻ ശിവനാണ് ‘മമ്മാലി എന്ന ഇന്ത്യക്കാരൻ’ ഒരുക്കിയിരിക്കുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേർന്ന് കൊല്ലപ്പെട്ട അൻവറിന്റെ പിതാവാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മമ്മാലി. അൻവറിന്റെ ഭാര്യ ഷരീഫയ്‌ക്കൊപ്പം തികച്ചും ഒറ്റപ്പെട്ടാണ് മമ്മാലിയുടെ ജീവിതം. ഇസ്ലാമിക് സ്‌റ്റേറ്റ് എന്താണെന്നോ മകൻ കൊല്ലപ്പെട്ടത് എങ്ങനെയാണെന്നോ ഒന്നും മമ്മാലിക്കും ഷരീഫയ്ക്കും അറിയില്ല. അതിന്റെ പേരിൽ സമൂഹത്തിന്റെ വേട്ടയാടലുകൾക്ക് ഇരയാക്കപ്പെടുകയാണ് മമ്മാലിയും ഷരീഫയും. ദിവസവും പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുക എന്നത് അവരുടെ ദിനചര്യയുടെ ഭാഗമാകുന്നു. ഇതിനിടെ കണ്ടുമുട്ടുന്ന പലരും മമ്മാലിയേയും ഷരീഫയേയും പോലെ ജീവിതത്തിന്റെ പരുക്കൻ പാതയിലൂടെ കടന്നു പോകുന്നവരാണ്. മാവോയിസ്റ്റുകൾക്ക് ഭക്ഷണം ഉണ്ടാക്കി നൽകിയതിന്റെ പേരിൽ മാവോയിസ്റ്റ് എന്ന് മുദ്രകുത്തപ്പെട്ട അയ്യപ്പനും സംഘപരിവാറിന്റെ ആക്രോശങ്ങൾക്കിടെ പശുവിനെ വിൽക്കാൻ കഷ്ടപ്പെടുന്ന ചോയിയുമെല്ലാം മമ്മാലിയിലെ കഥാപാത്രങ്ങളാകുന്നു. പേരെടുത്തു പറയാത്ത ‘മമ്മാലി’യിലെ ഓരോ കഥാപാത്രങ്ങളും പറയുന്നത് ഓരോ രാഷ്ട്രീയമാണ്.

കാരുണ്യമൊട്ടുമില്ലാത്ത ഒരു വ്യവസ്ഥിതിയുടെ ഭാഗ്യഹീനരായ ഇരകളാണ് മമ്മാലിയും ഷരീഫയും. വ്യത്യസ്ത നിറങ്ങളിലും തരത്തിലുംപെട്ട വർഗീയതയും സദാചാര ഗുണ്ടായിസവും അപരനോടുള്ള വെറുപ്പുമെല്ലാം നുരയുന്ന ഒരു സമൂഹത്തിൽ തന്റെ കഥാപാത്രങ്ങളെ പ്രതിഷ്ഠിക്കുന്നതിലൂടെ സമൂഹത്തിന് നേരെ ഒരു കണ്ണാടിപിടിക്കുകയാണ് അരുൺ. മാർച്ച് 2018ൽ സിനിമ പൂർത്തിയായെങ്കിലും സെൻസർ ബോർഡ് സർട്ടിഫിക്കറ്റിന് വേണ്ടി ഒരു വർഷത്തോളം അണിയറപ്രവർത്തകർക്ക് കാത്തിരിക്കേണ്ടി വന്നു. മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയുടെ സർട്ടിഫിക്കറുകളുമായി ബന്ധപ്പെട്ടാണ് സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് വൈകിയത്.

സിനിമയുടെ നിർമാതാവായ കാർത്തിക് കെ നഗരം തന്നെയാണ് മുഖ്യകഥാപാത്രമായ മമ്മാലിയെ അവതരിപ്പിക്കുന്നത്. പുതുമുഖ താരം മന്സിയ ഷരീഫയെ അവതരിപ്പിക്കുന്നു. പ്രകാശ് ബാര സിനിമയിൽ ഒരു പ്രധാനകഥാപാത്രമായി എത്തുന്നു. സന്തോഷ് കീഴാറ്റൂർ, ബിനോയ് നമ്പാല തുടങ്ങി നിരവധി താരങ്ങൾ സിനിമയിൽ അണിനിരക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് നാടക പ്രവർത്തകൻ റഫീഖ് മംഗലശേരിയിണ്. അഷ്‌റഫ് പാലാഴി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ഗാനരചന അൻവർ അലി. സംഗീത സംവിധാനം ഷമേജ് ശ്രീധർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here