കർണാടകയിൽ പുതിയ മന്ത്രിസഭാ രൂപീകരണം അനിശ്ചിതത്വത്തിൽ

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വൈകുന്നതിനാൽ കർണാടകയിലെ പുതിയ മന്ത്രിസഭാ രൂപീകരണം അനിശ്ചിതത്വത്തിൽ. തനിച്ച് കേവല ഭൂരിപക്ഷമില്ലാത്ത സർക്കാരോ പുതിയ തെരഞ്ഞെടുപ്പോ പാർട്ടിക്ക് നല്ലത് എന്ന കാര്യത്തിൽ നേതൃത്വത്തിന് ഇനിയും വ്യക്തത വന്നിട്ടില്ല. വിമത എംഎൽഎമാരെ അയോഗ്യരാക്കുമെന്ന് സ്പീക്കർ സൂചന നൽകി. സംസ്ഥാനത്ത് അസ്ഥിര രാഷ്ട്രീയം തുടരുമെന്നും അടുത്തതെന്തെന്ന് ആർക്കും പ്രവചിക്കാനാവില്ലെന്നും കുമാരസ്വാമി പറഞ്ഞു.

കോൺഗ്രസ് -ജനതാദൾ സഖ്യ സർക്കാർ വീണിട്ടും കർണാടകയിലെ രാഷ്ട്രീയ നാടകം തുടരുകയാണ്. മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഗവർണറെ കാണുമെന്ന് അറിയിച്ചിരുന്ന ബിജെപി സംസ്ഥാന ഘടകത്തിന് എപ്പോൾ രാജ്ഭവനിലേക്ക് പോകാനാവുമെന്ന് പറയാൻ കഴിയുന്നില്ല. രാവിലെ 11ന് ചേരാനിരുന്ന ബിജെപി നിയമസഭാകക്ഷി യോഗം എപ്പോൾ ചേരുമെന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുന്നു. ബി എസ് യെദ്യൂരപ്പ ആർഎസ്എസ് ആസ്ഥാനത്തെത്തി തുടർ നടപടികൾക്ക് അനുമതി തേടി.

ആകെ അംഗ സംഖ്യ നോക്കിയാൽ പാർട്ടിക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ പുതിയ തെരഞ്ഞെടുപ്പല്ലേ നല്ലതെന്ന ഒരു വിഭാഗം ബിജെപി നേതാക്കളുടെ ചിന്തയാണ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട തുടർ നടപടികൾ വൈകിക്കുന്നത്. കോൺഗ്രസ് വിമത എംഎൽഎമാരെ കാണാൻ ബിജെപി നേതാക്കളായ ആർ അശോകും അശ്വന്ത് നാരായണനും മുംബൈക്ക് പോയി. അതിനിടെ കോൺഗ്രസുമായി സഖ്യം തുടരുമെന്ന് ജനതാദൾ നേതാവ് എച്ച് ഡി ദേവഗൗഡ പറഞ്ഞു.

കോൺഗ്രസാണ് സഖ്യ കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടതെന്നായിരുന്നു എച്ച് ഡി കുമാരസ്വാമിയുടെ പ്രതികരണം. വിമതർക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചന കർണാടക നിയമസഭാ സ്പീക്കർ കെ ആർ രമേഷ് കുമാർ നൽകി. വിമതരുടെ അഭിഭാഷകർ സ്പീക്കറെ കണ്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top