അമ്പലവയലിൽ നടന്നത് സദാചാര ഗുണ്ടായിസം; ദമ്പതികളെ സജീവാനന്ദൻ പിന്തുടർന്ന് ശല്യപ്പെടുത്തി

വയനാട് അമ്പലവയലിൽ ദമ്പതികൾക്കെതിരെ നടന്നത് സദാചാര ഗുണ്ടായിസമെന്ന് അന്വേഷണ സംഘം. ദമ്പതികളെ പ്രതി സജീവാനന്ദൻ ലോഡ്ജിലെത്തിയും ശല്യപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവരും എതിർത്തപ്പോൾ പകയോടെ പിന്തുടർന്ന് ആക്രമിച്ചു. മർദനമേറ്റ യുവതിയെ പൊലീസ് കണ്ടെത്തി. ഇവരിൽ നിന്നുമാണ് അന്വേഷ സംഘത്തിന് വിവരങ്ങൾ ലഭിച്ചത്.

കോയമ്പത്തൂർ സ്വദേശിനിയാണ് മർദനത്തിനിരയായ യുവതി. ഇവരുടെ മൊഴി പൊലീസ് നാളെ രേഖപ്പെടുത്തും. അതേസമയം, മർദനമേറ്റ യുവാവിനെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഇയാൾ ഊട്ടി സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം.

ഞായറാഴ്ച രാത്രിയാണ് ദമ്പതികൾക്ക് അമ്പലവയൽ ടൗണിൽവെച്ച് മർദനമേറ്റത്. യുവതിയേയും യുവാവിനേയും അമ്പലവയൽ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സജീവാനന്ദൻ ക്രൂരമായാണ് മർദിച്ചത്. ദമ്പതിമാരെ മർദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സജീവാനന്ദൻ കർണാടകയിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ സജീവാനന്ദനായി കർണാടകയിൽ അന്വേഷണം തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top