തമിഴ്നാട് സ്വദേശികളായ ദമ്പതികളെ മര്‍ദിച്ച സംഭവം; പ്രതിയെ പിടികൂടാനാകാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു

വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികളെ നടുറോഡില്‍വെച്ച് മര്‍ദ്ദിച്ച പ്രതിയെ പിടികൂടാനാകാത്തതില്‍ പ്രതിഷേധം ശക്തം. ഇതരസംസ്ഥാനത്തേക്ക് കടന്നെന്ന് സംശയിക്കുന്ന പ്രതി സജീവാനന്ദന്റെ മൊബൈല്‍ ലൊക്കെഷന്‍ നിരീക്ഷിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇയാള്‍ ജില്ല വിട്ടെന്നുറപ്പിക്കുന്ന പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണമാണ് നടത്തുന്നത്. പ്രതിയുടെ ബന്ധുവീടുകളിലും മറ്റും പൊലീസ് ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നു.

അതേസമയം മര്‍ദ്ദനമേറ്റ ദമ്പതികളെയും കണ്ടെത്താന്‍ പോലീസിനായില്ല.സമീപത്തെ ലോഡ്ജില്‍ ഇവര്‍ നല്‍കിയ വിലാസത്തില്‍ അന്വേഷിച്ചെങ്കിലും കാര്യമായ വിവരങ്ങള്‍ ഒന്നും പൊലീസിന് ലഭിച്ചില്ല. തമിഴ്നാട് സ്വദേശികളായ ദമ്പതിമാര്‍ക്ക് ഞായറാഴ്ച രാത്രിയാണ് അമ്പലവയല്‍ ടൗണില്‍ വെച്ച് മര്‍ദനമേറ്റത്. അമ്പലവയല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സജീവാനന്ദന്‍ സ്ത്രീയെയും ഭര്‍ത്താവിനെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

Read more: തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ നടുറോഡില്‍ മര്‍ദിച്ച സംഭവം; പ്രതിക്കായുള്ള തിരച്ചില്‍ തുടരുന്നു

ആദ്യം ഭര്‍ത്താവിനെ മര്‍ദിച്ച സജീവാനന്ദന്‍ തുടര്‍ന്ന് ഇത് ചോദ്യം ചെയ്ത തമിഴ് യുവതിയുടെയും മുഖത്തടിക്കുകയായിരുന്നു. സംഭവത്തില്‍ പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. എന്നാല്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവി കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സംഭവത്തില്‍ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top