ലോക-ഏഷ്യൻ ഇലവൻ ടി-20 പോരാട്ടം ബംഗ്ലാദേശിൽ നടക്കും

ലോക ഇലവനും ഏഷ്യന്‍ ഇലവനും തമ്മില്‍ നടക്കുന്ന ടി-20 പോരാട്ടങ്ങൾക്ക് ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കും. രണ്ട് ടി20കള്‍ക്ക് അടുത്ത മാര്‍ച്ച് 18, 21 തീയതികളിലായി നടക്കുന്ന രണ്ട് ടി-20 മത്സരങ്ങള്‍ക്കാണ് ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കുക. ബംഗ്ലാദേശ് രാഷ്ട്ര പിതാവായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ നൂറാം ജന്‍മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മിര്‍പൂരിലാവും മത്സരങ്ങൾ നടക്കുക.

1920 മാര്‍ച്ച് 17ന് ജനിച്ച ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ജന്മദിനം എല്ലാ വര്‍ഷവും ദേശീയ അവധിയായി ബംഗ്ലാദേശ് ആഘോഷിക്കാറുണ്ട്. ക്രിക്കറ്റ് മത്സരങ്ങള്‍ കൂടാതെ മറ്റ് നിരവധി ആഘോഷങ്ങളും ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ നൂറാം ജന്‍മദിനാഘോഷത്തോട് അനുബന്ധിച്ച് നടക്കാറുണ്ട്.

ഇരു ടീമുകളിലും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളെ അണിനിരത്തുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുല്‍ ഹസ്സന്‍ പറഞ്ഞു. അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്ക് ഉണ്ടെങ്കില്‍ താരങ്ങളെ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായേക്കാം. ആ സമയത്ത് രണ്ട് ടീമുകള്‍ക്ക് മാത്രമാണ് മത്സരങ്ങള്‍ നിലവില്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാലത്, ടി-20 മത്സരങ്ങളല്ല, അതിനാല്‍ സൂപ്പര്‍ താരങ്ങളെ ലഭ്യമാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top