മരട് ഫ്‌ളാറ്റ് പൊളിക്കൽ ഉത്തരവ്; രണ്ടാമത്തെ റിട്ട് ഹർജിയും സുപ്രീംകോടതി തള്ളി

മരട് ഫ്‌ളാറ്റ് പൊളിക്കൽ ഉത്തരവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ റിട്ട് ഹർജിയും സുപ്രീംകോടതി തള്ളി. ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് മരടിലെ ഫ്‌ളാറ്റ് ഉടമകൾ സമർപ്പിച്ച റിട്ട് ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളും പൊളിച്ചു നീക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ജസ്റ്റിസ് അരുൺ മിശ്രയാണ് റിട്ട് ഹർജിയും പരിഗണിക്കുന്നത്. കെട്ടിട നിർമാതാക്കൾ അടക്കം സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ നേരത്തെ തള്ളിയിരുന്നു.
മരടിലെ ജെയിൻ ഹൗസിങ് ഫ്‌ളാറ്റ് സമുച്ചയത്തിൽ താമസക്കാരനായ മനോജ് കൊടിയൻ സമർപ്പിച്ച റിട്ട് ഹർജിയാണ് കോടതി പരിഗണിക്കുന്നത്. 2011ൽ അറുപത് ലക്ഷം രൂപ മുടക്കി ഫ്‌ളാറ്റ് വാങ്ങി. വായ്പയെടുത്തും ജീവിതക്കാലത്തെ സമ്പാദ്യം മുഴുവനുമെടുത്താണ് മിക്കവരും ഫ്‌ളാറ്റ് വാങ്ങിയത്. ഫ്‌ളാറ്റ് പൊളിച്ചാൽ ജീവിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാകും. നിയമകുരുക്കുണ്ടോ തുടങ്ങി എല്ലാ വശവും പരിശോധിച്ചാണ് ബാങ്കുകൾ വായ്പ അനുവദിച്ചതെന്നും ഫ്‌ളാറ്റ് ഉടമയുടെ ഹർജിയിൽ പറയുന്നു.
തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയാണ് ഹോളി ഫെയ്ത്ത് അപ്പാർട്‌മെന്റ്‌സ്, കായലോരം അപ്പാർട്‌മെന്റ്‌സ്, ഹോളിഡേ ഹെറിറ്റേജ്, ജെയിൻ ഹൗസിംഗ്, ആൽഫ വെഞ്ചേഴ്‌സ് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കാൻ മേയ് എട്ടിന് സുപീംകോടതി ഉത്തരവിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here