യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ്; ശിവരഞ്ജിത്തിനെ ഇന്ന് തെളിവെടുപ്പിനായി ക്യാംപസിൽ എത്തിക്കും

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിനെ ഇന്ന് വീണ്ടും തെളിവെടുപ്പിനായി ക്യാംപസിൽ എത്തിക്കും.ഉത്തര കടലാസ് മോഷ്ടിച്ച കേസിലാണ് തെളിവെടുപ്പ്. കസ്റ്റഡിയിൽ വാങ്ങിയ ശിവരഞ്ജിത്തിനെ ഇന്നു വിശദമായി ചോദ്യം ചെയ്യും. കോളേജിലെ മറ്റൊരു വിദ്യാർത്ഥിയായ പ്രണവിന്റെ ഉത്തര കടലാസ് ശിവരഞ്ജിത്തിന്റെ വീട്ടിൽ എങ്ങനെ വന്നു എന്നു കണ്ടെത്താനാണ് ചോദ്യം ചെയ്യൽ.
ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ സർവകലാശാല ഉത്തരക്കടലാസും ഫിസിക്കൽ എഡ്യുക്കേഷന്റെ സീലും കണ്ടെത്തിയിരുന്നു. ഒന്നും എഴുതാത്ത ഇത്തരത്തിൽ അമ്പതോളം സർവകലാശാല ഉത്തരക്കടലാസുകളാണ് കണ്ടെത്തിയത്. റെയ്ഡിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെ ശിവരഞ്ജിത്തിന്റെ ബന്ധുക്കൾ ആക്രമിക്കാൻ ശ്രമിച്ചതും വാർത്തയായിരുന്നു. ഇരുമ്പുകമ്പിയടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം.
വധശ്രമക്കേസിൽ ശിവരഞ്ജിത്തിനേയും രണ്ടാം പ്രതി നിസാമിനേയും കോളേജിലെത്തിച്ച് നേരത്തേ തെളിവെടുപ്പ് നടത്തിയിരുന്നു. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ കുത്തിപ്പരിക്കേൽപ്പിച്ച കത്തി പ്രതികൾ തന്നെ പൊലീസിനെ ഏൽപ്പിച്ചിരുന്നു. കോളേജിലെ മാലിന്യക്കൂമ്പാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കത്തി കണ്ടെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here