സച്ചിൻ ക്രിക്കറ്റ് ദൈവമാണ്; അദ്ദേഹത്തെ സ്ലെഡ്ജ് ചെയ്തിട്ടില്ല: ബ്രെറ്റ് ലീ

ക്രിക്കറ്റ് കരിയറിൽ താൻ സ്ലെഡ്ജ് ചെയ്യാത്ത ഒരേയൊരു താരം സച്ചിൻ തെണ്ടുൽക്കറാണെന്ന് മുൻ ഓസീസ് പേസ് ബൗളർ ബ്രെറ്റ് ലീ. സച്ചിൻ ക്രിക്കറ്റ് ദൈവമാണെന്നും സച്ചിനെപ്പോലെ സച്ചിൻ മാത്രമേയുള്ളൂവെന്നും ലീ പറഞ്ഞു. ക്രിക്കറ്റ് അവതാരകൻ ഗൗരവ് കപൂറുമായുള്ള അഭിമുഖത്തിനിടെയായിരുന്നു സച്ചിൻ്റെ വെളിപ്പെടുത്തൽ.

“സച്ചിനെ സ്ലെഡ്ജ് ചെയ്തതിന് ശേഷം പിന്നീട് അദ്ദേഹത്തിന്റെ കണ്ണുകളിൽ നോക്കിയാൽ വലിയൊരു മാറ്റം നമുക്ക് മനസിലാകും. അങ്ങനെയുള്ള അവസ്ഥയിൽ അന്ന് മുഴുവനും സച്ചിനെതിരെ പന്തെറിയേണ്ടി വരും. സച്ചിൻ ഔട്ടാകില്ല.”- ലീ പറഞ്ഞു.

“മറ്റ് ബാറ്റ്സ്മാന്മാരോടുള്ള ബഹുമാനം വെച്ച് കൊണ്ട് പറയട്ടേ, സച്ചിനെപ്പോലെ സച്ചിൻ മാത്രമേയുള്ളൂ. അദ്ദേഹം ക്രിക്കറ്റ് ദൈവമാണ്. അത് കൊണ്ട് സച്ചിനെ താൻ ബഹുമാനിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അല്ലാതെ അദ്ദേഹത്തിനെതിരെ മോശം വാക്കുകൾ ഇത് വരെ താൻ ഉപയോഗിച്ചിട്ടില്ല. ജാക്വസ് കാലീസ്, ആൻഡ്രൂ ഫ്ലിന്റോഫ് തുടങ്ങിയ താരങ്ങളും ഏകദേശം ഇങ്ങനെയാണ്. എന്നാൽ സച്ചിന് ഇവരിൽ നിന്ന് ചില വ്യത്യാസങ്ങളുണ്ട്. അല്ലെങ്കിലും രാജാവിനെ ആരും ചീത്ത വിളിക്കാറില്ലല്ലോ.” ബ്രെറ്റ് ലീ വിശദീകരിക്കുന്നു.

ഓസീസ് ടീമിൻ്റെ സ്ലെഡ്ജിംഗ് കുപ്രസിദ്ധമാണ്. ബ്രെറ്റ് ലീ അടക്കം ഓസീസ് താരങ്ങളിൽ അധിക പേരും സ്ലെഡ്ജിംഗ് കൊണ്ട് വർത്തകളിൽ ഇടം പിടിച്ചവരാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top