അയർലൻഡ് 38ന് എല്ലാവരും പുറത്ത്; ഇംഗ്ലണ്ടിന് 143 റൺസ് വിജയം

ആദ്യ ഇന്നിംഗ്സിൽ വെറും 85 റൺസിന് ഓൾഔട്ടായതിന്റെ കണക്ക് അയർലൻഡിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് തീർത്തു. ലോർഡ്സ് ടെസ്റ്റിൽ 182 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ അയർലൻഡിനെ വെറും 38 റൺസിന് ഓൾഔട്ടാക്കിയ ഇംഗ്ലണ്ട് എക ടെസ്റ്റ് പരമ്പരയിൽ 143 റൺസിൻ്റെ വിജയമാണ് കുറിച്ചത്.
രണ്ടാം ഇന്നിംഗ്സിൽ അയർലൻഡിനെ നിലം തൊടാൻ ഇംഗ്ലണ്ട് സമ്മതിച്ചില്ല. അയർലൻഡിനെ ഇംഗ്ലണ്ടിന്റെ രണ്ട് ബൗളർമാർ ചേർന്ന് എറിഞ്ഞൊതുക്കി. ടീം സ്കോർ 11-ൽ എത്തിയപ്പോൾ ക്യാപ്റ്റൻ വില്യം പോർട്ടർഫീൽഡിനെ നഷ്ടമായ അയർലൻഡിന് പിന്നെ നിവർന്നുനിൽക്കാൻ പോലുമായില്ല. പതിനൊന്ന് റൺസ് നേടിയ ജെയിംസ് മക്കല്ലമാണ് ഐറിഷ് നിരയിലെ ടോപ് സ്കോറർ. മറ്റ് കളിക്കാർക്കാർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല
ഇംഗ്ലണ്ടിനായി ക്രിസ് വോക്സും സ്റ്റുവർട്ട് ബ്രോഡും മാത്രമാണ് പന്തെറിഞ്ഞത്. ഇതിൽ വോക്സ് ആറ് വിക്കറ്റ് വീഴ്ത്തി. ബ്രോഡ് നാല് വിക്കറ്റും വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here