കമ്പകക്കാനം കൂട്ടക്കൊലയ്ക്ക് ഒരാണ്ട്; കുറ്റപത്രം സമര്‍പ്പിക്കാതെ പൊലീസ്

കേരളത്തെ നടുക്കിയ ഇടുക്കി കമ്പകക്കാനം കൂട്ടക്കൊല നടന്ന് ഒരാണ്ട് തികയുന്നു. കാനാട്ട് കൃഷ്ണനും കുടുംബവും അടങ്ങുന്ന നാലു പേരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. എന്നാല്‍ സംഭവം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും പൊലീസിനു കുറ്റപത്രം സമര്‍പ്പിക്കാനായിട്ടില്ല.

ഇടുക്കി കമ്പകക്കാനം സ്വദേശികളായ കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജ്ജുന്‍ എന്നിവരാണ് കഴിഞ്ഞ വര്‍ഷം ജൂലൈ 29ന് കൊല്ലപ്പെടുന്നത്. വീടിന്റെ പറമ്പിലെ ഒരു കുഴിയില്‍ നാലുപേരെയും കുഴിച്ചുമൂടിയ നിലയില്‍ കാണപ്പെടുകയായിരുന്നു. കൃഷ്ണന്‍ മാന്ത്രികശക്തി ആവാഹിച്ചതില്‍ പ്രതികാരം എന്ന നിലയിലാണ് കൊരങ്ങാട്ടി സ്വദേശി അനീഷ്, കാരിക്കോട് സ്വദേശി ലിബീഷ് എന്നിവര്‍ കൂട്ടകൊല നടത്തിയെന്നാണ് പൊലീസ് ആദ്യം അറിയിച്ചിരുന്നത്. ആഭിചാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികളെ പിടികൂടിയശേഷം ഇടുക്കി മുന്‍ എസ്പി കെബി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.

മികവുറ്റ അന്വേഷണത്തിനു അന്വേഷണസംഘത്തിന് ബാഡ്ജ് ഓഫ് ഓണര്‍ അംഗീകാരവും ലഭിച്ചിരുന്നു. എന്നാല്‍ കൊലപാതകം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും പൊലീസിന് ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാനായിട്ടില്ല. മുഖ്യപ്രതികളായ അനീഷും, ലിബീഷും ജാമ്യത്തിലാണ്. ഡിഎന്‍എ പരിശോധനാഫലങ്ങള്‍ വരുന്നതിലുണ്ടായ കാലതാമസമാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതെന്ന് പൊലീസ് പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top