കനത്ത മഴയില്‍ കുടുങ്ങിയ മഹാലക്ഷമി എക്‌സ്പ്രസിലുള്ള മുഴുവന്‍ യാത്രക്കാരെയും രക്ഷപെടുത്തി

കനത്ത മഴയില്‍ കുടുങ്ങിയ മഹാലക്ഷമി എക്പ്രസിലുള്ള മുഴുവന്‍ യാത്രക്കാരെയും രക്ഷിച്ചു. വ്യോമസേനയും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പാളത്തില്‍ വെള്ളം കയറുകയും മുംബൈക്കടുത്ത് ബാദ്‌ലാപൂരില്‍ തീവണ്ടി കുടുങ്ങുകയായിരുന്നു. ട്രെയിനിയില്‍ രണ്ടായിരത്തോളം യാത്രക്കാരുണ്ടെന്നാണ് ആദ്യം പുറത്തുവന്ന വിവരമെങ്കിലും 700 പേരാണെന്ന് റെയില്‍വേ അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു.

മുംബൈയില്‍ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്. പ്രധാനപ്പെട്ട പല റോഡുകളും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. പലയിടങ്ങളിലും വ്യാപക ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി. പതിനൊന്നോളം വിമാനങ്ങളാണ് റദ്ദാക്കിയത്. പത്തോളം വിമാനങ്ങള്‍ വഴിതരിച്ച് വിടുകയും ചെയ്തിട്ടുണ്ട്. സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ 30 മിനിട്ടോളം വൈകിയാണ് പുറപ്പെടുന്നത്.

വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയില്‍ കടുത്ത ഗതാഗതകുരുക്കാണ്. ഇത് വിമാനത്താവളത്തിലേക്ക് പോകുന്നവരെ കാര്യമായി ബാധിച്ചിട്ടുണ്ട്. കനത്ത മഴയും ഇരുട്ട് മൂടിയ അന്തരീക്ഷവുമാണ് കൂടുതല്‍ ദുഷ്‌കരമാക്കുന്നത്. നഗരത്തിലെ ജുഹു താര റോഡ്, ജോഗേശ്വരി വിഖ്രോളി ലിങ്ക് റോഡ്, വൈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേ എന്നിവയെല്ലാം വെള്ളത്തിനടിയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top