പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങള്‍ക്ക് മുഴുവന്‍ സമയ സാങ്കേതിക പിന്തുണയുമായി അമേരിക്ക

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങള്‍ക്ക് മുഴുവന്‍ സമയ സാങ്കേതിക പിന്തുണ ഒരുക്കുന്നതിന് അനുമതി നല്‍കി അമേരിക്ക. ഇതിനായി 860 കോടി രൂപയുടെ സാങ്കേതിക സഹായമാണ് അമേരിക്ക പാകിസ്ഥാന് നല്‍കുക. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് അമേരിക്കയുടെ തീരുമാനം.

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങള്‍ക്ക് മുഴുവന്‍ സമയവും സാങ്കേതിക സുരക്ഷയും നിരീക്ഷണവും ഒരുക്കുന്നതിന് അനുമതി നല്‍കുന്നതായി പെന്റഗണ്‍ അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചു. പുതിയ കരാറോടെ എഫ് 16 വിമാനങ്ങള്‍ക്ക് 24 മണിക്കൂറും ഉപയോഗത്തിനും നിരീക്ഷണത്തിനുമുള്ള സഹായം ലഭ്യമാക്കും. കരാറുകാരുടെ അറുപതോളം പ്രതിനിധികളെ ഇതിനായി നിയോഗിക്കാനാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്.

2018 മുതല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരം പാകിസ്ഥാന് അമേരിക്ക നല്‍കിയിരുന്ന സുരക്ഷാസഹായങ്ങള്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ സുരക്ഷാ സഹായം മരവിപ്പിച്ച നടപടിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പാകിസ്ഥാനുമായുള്ള ബന്ധം ഊഷ്മളമാക്കുകയെന്ന ഉദ്ദ്യേശത്തില്‍ ചില സുരക്ഷാ സഹായങ്ങങ്ങള്‍ പുനഃസ്ഥാപിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് അമേരിക്കയുടെ വിശദീകരണം. വിദേശ നയവും ദേശീയ സുരക്ഷയും സംരക്ഷിച്ചുകൊണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സാങ്കേതിക വിദ്യ പാക്കിസ്ഥാന് ലഭ്യമാക്കാനാണ് അമേരിക്ക ഉദ്ദ്യേശിക്കുന്നത്.

നേരത്തെ ഇന്ത്യയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പാകിസ്താനുമായി ഒപ്പുവച്ച 50000 തോക്കുകള്‍ക്കുള്ള കരാറില്‍ നിന്ന് റഷ്യ പിന്മാറിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാന് 860 കോടി രൂപയുടെ സാങ്കേതിക സഹായം നല്‍കുന്നതിന് അമേരിക്ക അംഗീകാരം നല്‍കുന്നതെന്നതും ശ്രദ്ധേയമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top