ഉന്നത ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്; നാലാഞ്ചിറ സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. നാലാഞ്ചിറ സ്വദേശി ജോയ് തോമസാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. കസ്റ്റംസ് ആൻഡ് എക്‌സൈസ് ഉദ്യോഗസ്ഥൻ എന്ന പേരിൽ ആൾമാറാട്ടം നടത്തിയാണ് പണം തട്ടിയത്. ഇയാളിൽ നിന്നും വ്യാജ തിരിച്ചറിയൽ രേഖകൾ പൊലീസ് പിടിച്ചെടുത്തു.
ശനിയാഴ്ച വൈകിട്ടാണ് ജോയ് തോമസിനെ പൊലീസ് പിടികൂടിയത്. സെൻട്രൽ എക്‌സൈസ് കമ്മീഷണർ, ടിടിആർ എന്ന പേരുകളിലും ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു. ആളുകൾക്ക് ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ പണം തട്ടിയിരുന്നത്. ഇയാളുടെ വീട് പരിശോധിച്ചപ്പോഴാണ് വ്യാജ തിരിച്ചറിയൽ കാർഡുകൾ ലഭിച്ചത്. ടിടിആറിന്റെ യൂണിഫോമുകളും നിയമ പുസ്തകങ്ങളും പൊലീസ് കണ്ടെത്തി.
തട്ടിപ്പിനിരയായവർ അന്വേഷിച്ച് വീട്ടിൽ എത്തിയാൽ മാലയിട്ട നിലയിൽ ഇയാളുടെ ഒരു ഫോട്ടോയാണ് കാണാൻ കഴിഞ്ഞിരുന്നത്. ഇതിന് മുന്നിൽ തിരി കത്തിച്ചുവെച്ചിരിക്കുന്നതും കാണാം. മരണപ്പെട്ടുവെന്ന് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉയർത്താനാണ് ജോയ് ഇത്തരത്തിൽ ചെയ്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here