കാനത്തിനെതിരെ പോസ്റ്റർ പതിച്ച സംഭവം; തെറ്റ് പറ്റിയിട്ടില്ലെന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എഐവൈഎഫ് നേതാവ് ജയേഷ്

സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ തെറ്റ് പറ്റിയിട്ടില്ലെന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എഐവൈഎഫ്‌ നേതാവ് ജയേഷ്. സാധാരണക്കാരായ പ്രവർത്തകരുടെ വികാരമാണ് താൻ പ്രതിഫലിപ്പിച്ചതെന്നും പെട്ടനുള്ള വികാരത്തിലല്ല പോസ്റ്റർ പതിച്ചതെന്നും ജയേഷ് പറഞ്ഞു. ആലോചിച്ചെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കമെന്നും അദ്ദേഹം 24 നോട് പ്രതികരിച്ചു. അതേസമയം, പോസ്റ്റർ പതിച്ചവർക്കെതിരായ പൊലീസ് നടപടിയിൽ പാർട്ടിയിലെ വലിയൊരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.

സിപിഐ നേതാക്കളെ മർദ്ദിച്ച പോലീസ് നടപടിയെ ന്യായീകരിച്ച സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പാർട്ടിയിലെ വലിയൊരു വിഭാഗത്തിനുള്ള അതൃപ്തി വ്യക്തമാക്കുന്നതാണ് ജയേഷിന്റെ പ്രതികരണം. പാർട്ടി സെക്രട്ടറിക്ക് പറ്റിയ തെറ്റ് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും , പോസ്റ്റർ പതിച്ചതിൽ വീഴ്ച്ച പറ്റിയിട്ടില്ലെന്നും സിപിഐയുടെ മണ്ഡലം കമ്മറ്റി അംഗമായ നേതാവ് പ്രതികരിക്കുമ്പോൾ, ഇക്കാര്യത്തിൽ പാർട്ടിയിലെ തന്നെ ഒരു വിഭാഗത്തിന്റെ പിന്തുണ അദ്ദേഹത്തിന് ഉണ്ട് എന്നാണ് വ്യക്തമാകുന്നത്. സ്വന്തം സഖാക്കളെയും, ജില്ലാ സെക്രട്ടറിയെയും വരെ പോലീസ് തല്ലിച്ചതച്ചപ്പോൾ, പോലീസ് നടപടിയെ ന്യായീകരിച്ച കാനത്തിന്റെ നിലപാടിൽ താഴെതട്ടിലുള്ള പ്രവർത്തകർക്ക് കടുത്ത അമർഷമുണ്ടെന്നും, അതാണ് തങ്ങൾ ചൂണ്ടിക്കാട്ടിയതെന്നും ജയേഷ് 24 നോട് പറഞ്ഞു.

പാർട്ടിഎടുത്ത നടപടി അംഗീകരിക്കുന്നുവെന്നും, തങ്ങൾ ചെയ്ത കാര്യം ചിലർക്ക് തെറ്റായി തോന്നിയിട്ടുണ്ടാകാം എന്നും ജയേഷ് പറയുമ്പോൾ, പോസ്റ്റർ പതിച്ച സംഭവത്തെ അംഗീകരിക്കുന്നവരും പാർട്ടിയിൽ ഉണ്ട് എന്നതാണ് വാക്കുകളിലെ സൂചന. അതേസമയം ചില പ്രമുഖ നേതാക്കളുടെ നിർദ്ദേശാനുസരണമാണ് ജയേഷും ഷിജുവും കൃഷ്ണകുമാറും പോസ്റ്ററുമായി ഇറങ്ങിയതെന്ന് പാർട്ടിയിലെ ചിലർ തന്നെ പറയുന്നുണ്ട്. എന്നാൽ പ്രവർത്തകരെ അറസ്റ്റു ചെയ്തു പൊലീസ് നടപടിയെ നേതൃനിരയിലെ വലിയൊരു വിഭാഗം ശക്തിയായി എതിർക്കുന്നുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി മാത്രം കാണാവുന്ന പോസ്റ്റർ പ്രചാരണത്തെ ദേശദ്രോഹമെന്ന തരത്തിൽ കണക്കാക്കി – പൊലീസ് നീങ്ങിയെന്നാണ് ഇത്തരക്കാരുടെ ആക്ഷേപം. ഇത് സിപിഐ സംസ്ഥാന നേതൃത്വത്തിൽ തന്നെ ചൂടുളള ചർച്ചയായി വരും ദിവസങ്ങളിൽ ഉയർന്ന് വരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top