ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി മദീനയില്‍ എത്തിയ എല്ലാ തീര്‍ഥാടകരും മക്കയിലേക്ക് മടങ്ങി

ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി മദീനയില്‍ എത്തിയ എല്ലാ തീര്‍ഥാടകരും മക്കയിലേക്ക് മടങ്ങി. സ്വകാര്യ ഗ്രൂപ്പുകളില്‍ ഹജ്ജിനെത്തിയ മലയാളികള്‍ മക്കയില്‍ നിന്ന് മദീനയില്‍ എത്തി. ആറര ലക്ഷത്തോളം വിദേശ തീര്‍ഥാടകര്‍ ഇതുവരെ മദീനയില്‍ എത്തി.

മദീനയില്‍ ഇന്നലെ വരെ 6,63,162 വിദേശ തീര്‍ഥാടകര്‍ എത്തിയതായി മദീന ഹജ്ജ് ആന്‍ഡ്‌ ഉംറ കമ്മിറ്റി അറിയിച്ചു. 4,94,907 തീര്‍ഥാടകര്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മക്കയിലേക്ക് മടങ്ങി. 1,68,223 തീര്‍ഥാടകര്‍ ആണ് നിലവില്‍ മദീനയില്‍ ഉള്ളത്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി മദീനയില്‍ എത്തിയ എല്ലാ തീര്‍ഥാടകരും മക്കയിലേക്ക് തിരിച്ചു. മദീനയില്‍ നിന്നുള്ള അവസാന സംഘം ഇന്നാണ് മക്കയിലേക്ക് പുറപ്പെട്ടത്. അറുപത്തി രണ്ടായിരത്തോളം തീര്‍ഥാടകര്‍ ആണ് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി മദീനയില്‍ വിമാനമിറങ്ങിയത്. ജിദ്ദ വിമാനത്താവളം വഴി ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള നാല്‍പ്പത്തി ഏഴായിരത്തോളം തീര്‍ഥാടകര്‍ ഹജ്ജിനെത്തി.

Read Also : സൗദി- ഇറാഖ് അതിര്‍ത്തി വഴി ഹജ്ജ് തീര്‍ഥാടകര്‍ സൗദിയിലെത്തി

ഹജ്ജ് കര്‍മങ്ങള്‍ കഴിഞ്ഞതിന് ശേഷമായിരിക്കും ഇവരുടെ മദീനാ സന്ദര്‍ശനം. മുപ്പതിനായിരത്തോളം തീര്‍ഥാടകര്‍ കൂടി ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്താന്‍ ബാക്കിയുണ്ട്. ഓഗസ്റ്റ്‌ ആറു വരെ ഇന്ത്യയില്‍ നിന്നും ജിദ്ദയിലേക്കുള്ള ഹജ്ജ് വിമാന സര്‍വീസ് തുടരും. അതേസമയം സ്വകാര്യ ഗ്രൂപ്പുകളില്‍ കേരളത്തില്‍ നിന്നും ഹജ്ജിനെത്തിയ തീര്‍ഥാടകര്‍ മക്കയില്‍ നിന്നും കഴിഞ്ഞ ദിവസം മദീനയില്‍ എത്തി. മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഹജ്ജിനു തൊട്ടുമുമ്പ് ഇവര്‍ മക്കയില്‍ തിരിച്ചെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top