ബിജെപി എംപി രമാദേവിക്കെതിരായ അശ്ലീല പരാമർശം; അസം ഖാൻ മാപ്പു പറഞ്ഞു

ലൈംഗിക ചുവയുള്ള പരാമർശം നടത്തിയതിന് സമാജ്‌വാദി പാർട്ടി എംപി അസം ഖാൻ ലോക്‌സഭയിൽ മാപ്പു പറഞ്ഞു. കഴിഞ്ഞ ദിവസം മുത്തലാഖ് ബില്ലിൻ മേൽ നടന്ന ചർക്കിടയിലാണ് സഭ നിയന്ത്രിച്ചിരുന്ന ബിജെപി എംപി രമാദേവിയോട് അസംഖാൻ മോശം പരാമർശം നടത്തിയത്. അതേസമയം, അസം ഖാന്റെ മാപ്പ് സ്വീകാര്യമല്ലെന്ന് കേന്ദ്ര പാർലമെന്ററികാര്യമന്ത്രി പറഞ്ഞു.

നിലവിലുള്ള കീഴ്‌വഴക്കങ്ങളെയെല്ലാം അട്ടിമറിക്കുന്ന രീതിയിലുള്ള പരാമർശമാണ് അസം ഖാൻ നടത്തിയതെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. അതുകൊണ്ടു തന്നെ ഇത് മാപ്പപേക്ഷയിൽ ഒതുക്കേണ്ട കാര്യമല്ല. ഇനി ഇത്തരത്തിൽ സംഭവിക്കാതിരിക്കാൻ ലോക്‌സഭയിലെ രേഖകളിൽ ഇക്കാര്യം അടയാളപ്പെടുത്തണമെന്ന് കേന്ദ്ര പാർലമെന്ററികാര്യമന്ത്രി പറഞ്ഞു. മാപ്പപേക്ഷയിൽ ്അവസാനിപ്പിക്കാതെ അസം ഖാനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രമാ ദേവിക്കെതിരായ പരാമർശത്തിൽ കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമൻ, സ്മൃതി ഇറാനി ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

മുത്തലാഖ് ബില്ലിൻ മേൽ നടന്ന ചർച്ചയ്ക്കിടെ സ്പീക്കർ ചെയറിൽ ഇരിക്കുകയായിരുന്ന രമാ ദേവിയോട് തനിക്ക് നിങ്ങളുടെ കണ്ണുകളിൽ ഉറ്റുനോക്കി സംസാരിക്കാൻ തോന്നുന്നുവെന്നായിരുന്നു അസംഖാൻ പറഞ്ഞത്. സഭയിൽ ഇങ്ങിനെയല്ല സംസാരിക്കേണ്ടതെന്നും അസംഖാനെതിരെ നടപടി സ്വീകരിക്കണമെന്നും രമാ ദേവി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അസം ഖാൻ മുൻപും ഇത്തരത്തിൽ സ്ത്രീകൾക്കെതിരെ മോശം പ്രസ്താവന നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടിയും എതിർ സ്ഥാനാർഥിയുമായിരുന്ന ജയപ്രദക്കെതിരെ നടത്തിയ പരാമർശവും വിവാദമായിരുന്നു. കഴിഞ്ഞ 10 വർഷം നിങ്ങൾ ജയപ്രദയെ പ്രതിനിധിയായി തെരഞ്ഞെടുത്തു. പക്ഷേ അവരെ തിരിച്ചറിയാൻ നിങ്ങൾ 17 വർഷമെടുത്തെങ്കിൽ വെറും 17 ദിവസത്തിനുള്ളിൽ അവരുടെ അടിവസ്ത്രം കാക്കിയാണെന്ന് എനിക്ക് തിരിച്ചറിയാൻ സാധിച്ചുവെന്നായിരുന്നു അസം ഖാന്റെ പരാമർശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top