അമ്പലവയലിൽ ദമ്പതികളെ മർദിച്ച സംഭവം; പ്രതി സജീവാനന്ദന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി

വയനാട് അമ്പലവയലിൽ തമിഴ്‌നാട് സ്വദേശികളെ നടുറോഡിൽ ക്രൂരമായി മർദിച്ച കേസിൽ പ്രതിയായ കോൺഗ്രസ് പ്രവർത്തകൻ സജീവാനന്ദൻ നൽകിയ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് കൽപറ്റ സെഷൻസ് കോടതി മാറ്റി. നാളത്തേക്കാണ് മാറ്റിയത്. കേസിന്റെ ഫയൽ പൊലീസ് കോടതിയിൽ എത്തിച്ചില്ല. ഇതേ തുടർന്നാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. അതേസമയം, സംഭവ ശേഷം ഒളിവിൽപ്പോയ പ്രതിയെ പിടികൂടാൻ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല. മർദനമേറ്റവരുടെ മൊഴി രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ കൂടുതൽ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്താൻ അന്വേഷണസംഘം തീരുമാനിച്ചിരുന്നു.
കഴിഞ്ഞ ഞായാറാഴ്ച സംഭവം നടന്നത്. അടുത്ത ദിവസം മാധ്യമങ്ങളിൽ വാർത്തയായതോടെ ഒളിവിൽപ്പോയതാണ് പ്രതി സജീവാനന്ദൻ. ഇയാൾ കർണാടകയിലേക്കാണ് കടന്നതെന്ന് പൊലീസിന് വിവരം ലഭിച്ചെങ്കിലും ഇതുവരെ പ്രതിയെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. പ്രതിയെ നാട്ടുകാർ സ്റ്റേഷനിൽ എത്തിച്ച ശേഷവും പൊലീസ് പിഴ ഈടാക്കി വിട്ടയച്ചതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
മർദനമേറ്റ യുവതിയുടേയും യുവാവിന്റെയും മൊഴി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജാമ്യം കിട്ടാൻ സാധ്യതയില്ലാത്ത കൂടുതൽ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here