ഉന്നാവോ വാഹനാപകടം; ബിജെപി എംഎൽഎയടക്കം പത്ത് പേർക്കെതിരെ കേസെടുത്തു

ഉത്തർപ്രദേശിലെ ഉന്നാവോയിൽ പീഡനപരാതി നൽകിയ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ എംഎൽഎയടക്കം പത്ത് പേർക്കെതിരെ കേസ്. പീഡനക്കേസിൽ ജയിലിൽ കഴിയുന്ന ബിജെപി എംഎൽഎ കുൽദീപ് സെൻഗാർ, സഹോദരൻ മനോജ് സെൻഗാർ എന്നിവരടക്കമുള്ള പത്ത് പേർക്കെതിരെയാണ്  കേസെടുത്തിരിക്കുന്നത്. കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഉത്തർപ്രദേശ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഉന്നാവോയിൽ ബിജെപി എംഎൽഎ ബലാത്സംഗം ചെയ്‌തെന്ന് പരാതി നൽകിയ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ ഇന്നലെയാണ് അപകടത്തിൽപ്പെട്ടത്.

Read Also; ഉന്നാവോയിൽ പീഡനത്തിനിരയായ പെൺകുട്ടിക്ക് നീതി ലഭിക്കണം; ഫേസ്ബുക്കിൽ പിന്തുണയറിയിച്ച് ബിനീഷ് കോടിയേരി

റായ്ബറേലിയിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന അപകടത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും കൂടെയുണ്ടായിരുന്ന രണ്ട് ബന്ധുക്കൾ മരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിച്ച ലോറിയുടെ നമ്പർ മായ്ച്ച നിലയിലായിരുന്നതും പെൺകുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസുകാർ അപകട സമയം ഇവരുടെ കൂടെയില്ലാതിരുന്നതും സംശയങ്ങൾക്കിടയാക്കിയിരുന്നു. 2017 ജൂണിൽ ബിജെപി എംഎൽഎ കുൽദീപ് സെൻഗാർ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തെപ്പറ്റി സിബിഐ അന്വേഷണത്തിന് സംസ്ഥാന പൊലീസ് ശുപാർശ ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top