പിതൃമോക്ഷം പുണ്യം തേടി നാളെ ബലി തര്‍പ്പണം

പിതൃമോക്ഷം പുണ്യം തേടി ലക്ഷങ്ങള്‍ നാളെ ബലി തര്‍പ്പണം നടത്തും. വിവിധ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും.

ശിവരാത്രി കഴിഞ്ഞാല്‍ ഏറ്റവും അധികം ഭക്തര്‍ പിതൃബലിയര്‍പ്പിക്കുന്നത് കര്‍ക്കിടക വാവിനാണ്.
തിരുവനന്തപുരത്ത് തിരുവല്ലം ശങ്കുമുഖം വര്‍ക്കല, പാപനാശം എന്നിവിടങ്ങളില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവല്ലം പരശുരാമക്ഷേത്രത്തിലും ശങ്കുമുഖത്തും ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെത്തി. ശങ്കുമുഖത്ത് കടലാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ആലുവ മണപ്പുറത്തും അദ്വൈതാശ്രമത്തിലും ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ മണപ്പുറത്ത് നൂറോളം താത്കാലിക ബലിത്തറകളാണ് ഒരുക്കിയിട്ടുള്ളത്.  ദേവസ്വം ബോര്‍ഡ് ആലുവ മണപ്പുറത്തെത്തുന്ന ഭക്തര്‍ക്കായി ഒരു കോടി രൂപയുടെ ഇന്‍ഷൂറന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ വകുപ്പ് എന്നിവരെ ഏകോപിപ്പിച്ച് വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തെക്കന്‍ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി പാപനാശിനിയിലും ആയിരങ്ങള്‍ നാളെ ബലിതര്‍പ്പണം നടത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top