സാമ്പത്തിക പ്രതിസന്ധി; കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പളം മുടങ്ങിയേക്കും

സാമ്പത്തിക പ്രതിസന്ധി കാരണം കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പളം മുടങ്ങിയേക്കും.ശമ്പളം കൊടുക്കാന്‍ 70 കോടി രൂപ വേണ്ടിയിടത്ത് കൈവശമുള്ളത് 50 കോടി രൂപ മാത്രം. സര്‍ക്കാര്‍ സഹായം കുറഞ്ഞതും തിരിച്ചടിയായി.

ശമ്പളം മുടങ്ങുന്നത് വീണ്ടും കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തല്‍. ശമ്പളം കൊടുക്കാന്‍ 70 കോടി രൂപ വേണ്ടിയിടത്ത് സര്‍ക്കാര്‍ ധനസഹായമടക്കം കൈവശമുള്ളത് 50 കോടി രൂപ മാത്രം. ഓരോ മാസവും 20 കോടി രൂപയാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്കു സഹായമായി നല്‍കുന്നത്. എന്നാല്‍ ഇത്തവണ നല്‍കിയത് 16 കോടി രൂപ മത്രം. ഇന്ധന ഇനത്തില്‍ കുടിശ്ശിക കൂടുന്നുവെന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ മൂന്നര കോടി രൂപ അവര്‍ക്കു വകമാറ്റി. ബാങ്ക് കണ്‍സോര്‍ഷ്യം രൂപീകരിച്ചതിന്റെ ഫീസ് ഇനത്തില്‍ 50 ലക്ഷം രൂപ എസ്ബിഐക്കും നല്‍കും.

അങ്ങനെ സര്‍ക്കാര്‍ സഹായത്തില്‍ നിന്നും നാലു കോടി രൂപ കെഎസ്ആര്‍ടിസിക്കു നഷ്ടമായി. ഇതും പ്രതിസന്ധിക്ക് വഴി വെച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കിട്ടിയ കളക്ഷന്‍ തുക സ്‌പെയര്‍ പാര്‍ട്ട്‌സ് അടക്കമുള്ള കാര്യങ്ങള്‍ക്കായി ചിലവഴിച്ചു. ഇതോടെ പ്രതിസന്ധി രൂക്ഷമായി. വരും ദിവസങ്ങളിലെ കളക്ഷന്‍ തുക കൂടി ഉപയോഗിച്ച് ഘട്ടം ഘട്ടമായി ശമ്പളം നല്‍കാനാണ് കെഎസ്ആര്‍ടിസി തീരുമാനം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More