ഗെയിലിന്റെ വിസ്ഫോടന സെഞ്ചുറി; ടീം ടോട്ടൽ 276 റൺസ്

കാനഡ ടി-20 ലീഗിൽ യൂണിവേഴ്സ് ബോസ് ക്രിസ് ഗെയിലിൻ്റെ ബാറ്റിംഗ് വിരുന്ന്. വാൻ കൂവർ നൈറ്റ്സിന്റെ താരമായ ഗെയിൽ കഴിഞ്ഞ ദിവസം മോൺ ട്രിയോൾ ടൈഗേഴ്സിനെതിരെ നടന്ന മത്സരത്തിൽ 54 പന്തിൽ 122 റൺസ് നേടി പുറത്താകാതെ നിന്നു. ഗെയിലിൻ്റെ സെഞ്ചുറിക്കരുത്തിൽ ടീം നേടിയത് 20 ഓവറിൽ 276 റൺസ്. എങ്കിലും രണ്ടാം ഇന്നിംഗ്സിനു പിന്നാലെയെത്തിയ മഴ മൂലം മത്സരത്തിന് ഫലമുണ്ടായില്ല.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന വാൻ കൂവർ നൈറ്റ്സിന് വേണ്ടി ഓപ്പണർമാരായ ടൊബിയാസ് വീസെയും, ക്രിസ് ഗെയിലും ചേർന്ന് മിന്നും തുടക്കമാണ് നൽകിയത്. 19 പന്തിൽ 51 റൺസെടുത്ത വീസെ വീണതോടെ ഗെയിൽ ബാറ്റൺ ഏറ്റെടുത്തു. സിക്സറുകളുടെ മാലപ്പടക്കം തീർത്ത ഗെയിൽ ടീമിനെ ഹിമാലയൻ ടോട്ടലിലേക്ക് കൈപിടിച്ചുയർത്തി.
ഇതിനിടെ ക്രീസിലെത്തിയ ചാഡ്വിക്ക് വാൾട്ടൺ 18 പന്തിൽ 29 റൺസും, വാൻഡർ ഡസൻ 25 പന്തിൽ 56 റൺസുമെടുത്ത് ആരാധകരെ ത്രസിപ്പിച്ചു. ഗെയിൽ 54 പന്തിൽ 7 ബൗണ്ടറികളും, 12 സിക്സറുകളുമടക്കം 122 റൺസ് നേടിയാണ് പുറത്താകാതെ നിന്നത്. മൊത്തം 24 ബൗണ്ടറികളും, 21 സിക്സറുകളുമാണ് ഈ മത്സരത്തിൽ വാൻ കൂവർ ബാറ്റ്സ്മാന്മാർ അടിച്ച് കൂട്ടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here