ബാറ്റെടുത്തും പന്തെടുത്തും തിളങ്ങി യുവി; എന്നിട്ടും ടീമിനു തോൽവി

നായകൻ യുവരാജ് സിംഗ് ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയിട്ടും കാനഡ ടി-20 ലീഗ് മത്സരത്തിൽ ടൊറൊന്റോ നാഷണൽസിന് തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ 3 വിക്കറ്റിന് വിന്നിപെഗ് ഹോക്സാണ് ടൊറൊന്റോയെ കീഴടക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടൊറൊന്റോ നിശ്ചിത 20 ഓവറിൽ 216/7 എന്ന കൂറ്റൻ സ്കോർ നേടിയെങ്കിലും അവസാന പന്തിൽ വിന്നിപെഗ് വിജയം പിടിച്ചെടുക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന ടൊറൊന്റോയ്ക്ക് വേണ്ടി 65 റൺസെടുത്ത ഓപ്പണർ റൊഡ്രീഗോ തോമസ് തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. നാലാമനായി ക്രീസിലെത്തിയ യുവരാജ് സിംഗ് 26 പന്തിൽ 45 റൺസെടുത്ത് പുറത്തായി. 4 ബൗണ്ടറികളും 2 സിക്സറുകളും അടങ്ങുന്നതായിരുന്നു യുവിയുടെ ഇന്നിംഗ്സ്. 21 പന്തിൽ 51 റൺസെടുത്ത കീറൺപൊള്ളാർഡിന്റെ ബാറ്റിംഗ് കൂടിയായതോടെ ടോറൊന്റോ കൂറ്റൻ സ്കോറിലെത്തുകയായിരുന്നു.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വിന്നിപെഗിന് വേണ്ടി ക്രിസ് ലിന്നും, ഷായ്മാൻ അൻവറും ചേർന്ന് മികച്ച തുടക്കം നൽകി. അൻവർ 21 പന്തിൽ 41 റൺസ് നേടി പുറത്തായി. ലിൻ 48 പന്തിൽ 2 ബൗണ്ടറികളും 10 സിക്സറുകളുമടക്കം 89 റൺസ് നേടി ടീമിൻ്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചു. 58 റൺസ് നേടിയ സണ്ണി സോഹലിന്റെ ബാറ്റിംഗും അവരെ വിജയത്തിലേക്ക് അടുപ്പിക്കുന്നതിൽ നിർണായകമായി. 2 ഓവറുകളെറിഞ്ഞ യുവരാജ് സിംഗ് 18 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. മത്സരത്തിന്റെ അവസാന ഓവറുകളിൽ വിന്നിപെഗ് പതറിയെങ്കിലും ഇന്നിംഗ്സിലെ അവസാന പന്തിൽ അവർ ജയം പിടിച്ചെടുക്കുകയായിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More