യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം; ഇരുകൂട്ടരേയും മന്ത്രിസഭാ ഉപസമിതി ചര്‍ച്ചക്ക് വിളിച്ചു

യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ വീണ്ടും സര്‍ക്കാരിന്റെ ഇടപെടല്‍. ഇരുകൂട്ടരേയും മന്ത്രിസഭാ ഉപസമിതി ചര്‍ച്ചക്ക് വിളിച്ചു. നാളെ ഉച്ചക്കുശേഷം തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലായിരിക്കും യോഗം. ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണഅ ഓര്‍ത്തഡോക്‌സ് വിഭാഗം.

സഭാതര്‍ക്കം ക്രമസമാധാന പ്രശ്‌നമായിക്കൂടി വളരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ സമവായശ്രമം. ഇ.പി.ജയരാജന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയാണ് ഇരുകൂട്ടരേയും ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും യോഗത്തില്‍ പങ്കെടുക്കും. സഭാ തര്‍ക്കം നിലനില്‍ക്കുന്ന ജില്ലകളിലെ കലക്ടര്‍മാരുടെ സാന്നിധ്യവും ചര്‍ച്ചയിലുണ്ടാകും. എന്നാല്‍ കഴിഞ്ഞ രണ്ടു സമവായചര്‍ച്ചകളിലും വിട്ടുനിന്ന ഓര്‍ത്തഡോക്‌സ് സഭ ഇക്കുറിയും പങ്കെടുക്കില്ല.

സുപ്രീംകോടതി വിധി നടപ്പിലാക്കാതെ ചര്‍ച്ചയില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനാണ് സാധ്യത. കഴിഞ്ഞ തവണ ചര്‍ച്ചയില്‍ പങ്കെടുത്തില്ലെങ്കിലും മന്ത്രി ഇ.പി.ജയരാജനെ ഔദ്യോഗികവസതിയിലെത്തി ഓര്‍ത്തഡോക്‌സ് പ്രതിനിധികള്‍ സന്ദര്‍ശിച്ചിരുന്നു. വിട്ടുവീഴ്ചക്കില്ലെന്ന നിലപാടാണ് അവിടേയും ആവര്‍ത്തിച്ചത്. ചില പള്ളികളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കയറിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി സമവായസാധ്യത തേടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top