കൊച്ചി മെട്രോ; മഹാരാജാസ് മുതൽ തൈക്കുടം വരെയുള്ള പാതയിലെ പരീക്ഷണ ഓട്ടം വിജയകരം

കൊച്ചി മെട്രോയുടെ മഹാരാജാസ് മുതൽ തൈക്കുടം വരെയുള്ള പാതയിലെ പരീക്ഷണ ഓട്ടം വിജയകരം. 6 കിലോമീറ്റർ ദൂരത്തിലാണ് മെട്രോ ട്രയൽ റൺ നടത്തിയത്. രണ്ട് മാസത്തിനകം ഈ പാതയിൽ യാത്രാ സർവീസ് ആരംഭിക്കാനാണ് കെ എം ആർ എൽ ലക്ഷ്യമിടുന്നത്.

രാവിലെ ഏഴ് മണിയോടെയാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിലുൾപ്പെട്ട മൂന്നാം ഭാഗത്തിലെ റൂട്ടിൽ പരീക്ഷണം ഓട്ടം തുടങ്ങിയത്. മണിക്കൂറിൽ 5 കിലോമീറ്റർ വേഗതയിലായിരുന്നു യാത്ര. ഡിഎംആർസിയുടെയും കെ എം ആർ എലിന്റെയും സാങ്കേതിക വിദഗ്ദർ ട്രയൽ റൺ വിലയിരുത്താനായി യാത്രയുടെ ഭാഗമായി. ഒന്നേകാൽ മണിക്കൂർ സമയമെടുത്താണ് മെട്രോ തൈക്കുടത്ത് എത്തിയത്. യാത്രക്കാരുടെ ഭാരത്തിന് ആനുപാതികമായി ട്രയിനിൽ മണൽ ചാക്ക് നിറച്ചായിരുന്നു യാത്ര. വേഗത വർധിപ്പിച്ചുള്ള പരീക്ഷണ ഓട്ടത്തിലേക്ക് വൈകാതെ കടക്കും.

മാഹാരാജാസ് മുതൽ സൗത്ത് കാന്റി ലിവർ പാലം വരെയുള്ള 1.3 കിലോമീറ്റർ ദൂരത്തിൽ നേരത്തെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. അഞ്ച് സ്റ്റേഷനുകളാണ് ഈ ഭാഗത്ത് ഉള്ളത്. സ്റ്റേഷനുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കുടം എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ. 2 മാസത്തിനകം ഈ റൂട്ടിൽ മുഴുവൻ സമയ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. കൊച്ചി നഗരത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടിൽ മൈട്രൊ എത്തുന്നത് യാത്രക്കാർക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top