‘എനിക്ക് മാത്രം നൽകിയത് വിചിത്ര വെള്ളം; പറഞ്ഞതൊന്നും സ്വബോധത്തോടെ ആയിരുന്നില്ല’; ട്വെന്റിഫോർ ന്യൂസിന്റെ ‘ജനകീയ കോടതി’യിൽ ഉത്തരം മുട്ടിയതിനു മുൻകൂർ ജാമ്യവുമായി മോഹനൻ വൈദ്യർ

ട്വൻ്റിഫോർ ന്യൂസിൻ്റെ ടോക്ക് ഷോ ആയ ‘ജനകീയ കോടതി’യിൽ ഉത്തരം മുട്ടിയതിനെ തുടർന്ന് മുൻകൂർ ജാമ്യവുമായി നാട്ടുവൈദ്യൻ മോഹനൻ നായർ. ചാനൽ പരിപാടിക്കിടെ തനിക്കു നൽകിയ വെള്ളത്തിൽ മാത്രം എന്തോ ചേർത്ത് തന്നെ ഭാഗികമായി ബോധം കെടുത്തിയിരുന്നുവെന്നും പറഞ്ഞതൊന്നും സ്വബോധത്തോടെ ആയിരുന്നില്ലെന്നുമുള്ള വിചിത്ര വാദമാണ് മോഹനൻ വൈദ്യർ ഉന്നയിച്ചത്. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയായിരുന്നു മോഹനൻ വൈദ്യരുടെ ആരോപണം.

‘ഒരു ചാനലിനകത്ത് എന്നെ വിളിച്ചിരുത്തി ഐഎംഎക്കാരും ആയുർവേദക്കാരനും സ്വതന്ത്ര ചിന്തകരനും കുറെ ഡോക്ടർമാരും കുറെ യുക്തിവാദികളും എല്ലാവരും ചേർന്ന് എന്നെ തേജോവധം ചെയ്യാൻ കരുതിക്കൂട്ടി ശ്രമിക്കുകയാണ്. എന്നെ ഒരു ഇന്റർവ്യൂവിന് വിളിക്കുന്ന മാതിരി കള്ളം പറഞ്ഞ് വിളിപ്പിക്കുകയായിരുന്നു. അതിൽ ആദ്യം രണ്ട് ഡോക്ടർമാരെ കൊണ്ടിരുത്തി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്വതന്ത്രചിന്തകനെ, സയിന്റിസ്റ്റാണെന്ന് പറയുന്ന ഒരുത്തനെ അതിനകത്തു കൊണ്ടിരുത്തി. അയാൾ എന്നെ ഇംഗ്ലീഷ് പഠിപ്പിക്കാൻ തുടങ്ങുന്നതും എന്നെ ഉത്തരം മുട്ടിക്കുക, എന്നെ മൂത്രമൊഴിപ്പിച്ചു എന്നാണ് അവർ ഇപ്പോൾ പറയുന്നത്. ഇടക്കുവെച്ചിട്ട് കുടിവെള്ളം കൊണ്ടുവന്നപ്പോൾ, എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ കൊണ്ടു തരികയും, അതു കുടിച്ചതിനുശേഷം എനിക്ക് ഞാൻ പറഞ്ഞ കാര്യങ്ങൾ, സ്വബോധത്തിലാണെന്ന് തോന്നുന്നില്ല. അവരുറ്റെ ഉദ്ദേശം, എല്ലാവരുടെയും ഉദ്ദേശം കാശ് വാങ്ങിയിട്ട് അല്ലെങ്കിൽ അവർക്ക് റീച്ച് കിട്ടും. അതുകോണ്ടാണ് ഞാൻ ചാനലിന്റെ പേര് പറയാത്തത്.

ഈ പരിപാടി നിങ്ങൾ കാണുമ്പോൾ ഈ രീതിയിൽ വേണം കാണാൻ. പകുതി കഴിഞ്ഞ് ഈ സ്വതന്ത്രചിന്തകൻ കേറീട്ട്, റീനാമനോഹർ, എൻ്റെ ഒരു വീഡിയോ കാണിച്ചു. അതിന്റെ അപ്പുറത്തോട്ടും ഇപ്പുറത്തോട്ടും കുറശ്ശേയാണ് കാണിച്ചത്. നിങ്ങൾക്ക് കാണുമ്പോൾ മനസ്സിലാവും. ആ ഗ്ലാസിലെ വെള്ളം എന്താണെന്ന് അറിയില്ല. അവിടെ നിന്ന് വെളിയിൽ ഇറങ്ങി വന്ന് അരമണിക്കൂർ കഴിഞ്ഞാണ് തലക്കകത്തെ മത്ത് മാറിയത്. ആ മത്ത് മാറിയപ്പോൾ ഞാൻ അവരോട് വിളിച്ചു പറഞ്ഞു. ‘നിങ്ങൾ അത് ഇടരുത്, നിങ്ങൾ മനഃപൂർവം എന്നെ തേജോവധം ചെയ്യാനായിട്ട് കണക്കുകൂട്ടി എന്നെ പറ്റിക്കുകയായിരുന്നു. അത് ഒരിക്കലും ശരിയായില്ല. ഇടാൻ പാടില്ല’ എന്നു പറഞ്ഞു. അപ്പോൾ അവർ പറയുന്നത് ‘ഞങ്ങൾ അങ്ങനെ പറഞ്ഞില്ല, ഇങ്ങനെ പറഞ്ഞില്ല. നിങ്ങളോട് പറഞ്ഞിരുന്നല്ലോ, ഇന്ന പോലാണ്’ എന്നാണ് പറയുന്നത്. ആ പ്രോഗ്രാമിന്റെ പേരും പറയുന്നില്ല. നിങ്ങൾ കാണൂ. ഈ ആഴ്ച തന്നെ കാണും എന്നതാണ് എന്റെ പ്രതീക്ഷ. എന്താണ് ഇടാൻ പോവുക എന്ന് എനിക്ക് അറിയില്ല. അതോടൊപ്പം വേറൊരും ചാനലിലും ഞാൻ വരുന്നുണ്ട്. അതിൽ ഇത്ര കുഴപ്പമില്ല. അത് മൊത്രം പ്രക്ഷേപണം ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇവരെല്ലാം കരുതിക്കൂട്ടിയാണ് ഇറങ്ങിയിരിക്കുന്നത്. പക്ഷേ ഇവർ ഇത് കട്ട് ചെയ്യും. എന്നെ കളിയാക്കുന്നതും, ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് മാത്രമായിരിക്കും ഇവർ കാണിക്കുന്നത്. മൊത്തം കാണിക്കില്ല. പക്ഷേ ഫുൾ വോയ്സ് ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്.ഇവർ എന്തെങ്കിലും കട്ട് ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ അന്നേരം ഇടാം.’- മോഹനൻ വൈദ്യർ പറയുന്നു.

തന്നെ ചതിച്ചതാണെന്നും വരുമ്പോൾ നമുക്ക് കാണാമെന്നും മോഹനൻ വൈദ്യർ പറയുന്നു. തന്നെ ചതിച്ചതാണെന്ന രീതിയിൽ വേണം ഇത് കാണാൻ. അവരോട് ഒരുപാട് പേരെക്കൊണ്ട് വിളിച്ചു പറഞ്ഞിട്ടും സമ്മതിച്ചില്ലെന്നും മോഹനൻ വൈദ്യർ കൂട്ടിച്ചേർക്കുന്നു.

വരുന്ന ഞായറാഴ്ച രാത്രി 8.30നാണ് ജനകീയ കോടതി ചാനലിൽ സംപ്രേഷണം ചെയ്യുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top