2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള പ്രക്രിയക്ക് തുടക്കമായി

2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള പ്രക്രിയക്ക് തുടക്കം. ഇതിന്റെ ഭാഗമായുള്ള ആദ്യഘട്ട ടെലിവിഷന്‍ ചര്‍ച്ചയില്‍ പത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ പങ്കെടുത്തു. ആരോഗ്യപരിപാലനവും കുടിയേറ്റ നിയമവും ഉള്‍പ്പടെയുള്ളവയില്‍ ഡെമോക്രാറ്റ് പ്രതിനിധികള്‍ നിലപാട് വ്യക്തമാക്കി.

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട ചര്‍ച്ച വ്യത്യസ്ത അഭിപ്രായങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. ഡോണള്‍ഡ് ട്രംപിന്റെ കുടിയേറ്റ നിയമം ചര്‍ച്ചയില്‍ നിറഞ്ഞു നിന്നു. മൂന്ന് വനിതാ സ്ഥാനാര്‍ത്ഥികളുള്‍പ്പെടെ പത്ത് പേരാണ് ആദ്യഘട്ട ചര്‍ച്ചയില്‍ പങ്കെടുത്തത്. എലിസബത്ത് വാറന്‍, ബെര്‍നി സാന്‍ഡേഴ്‌സ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രമുഖര്‍.

കുടിയേറ്റ നിയമത്തിലെയും ആരോഗ്യ രംഗത്തേയും വ്യത്യസ്ത അഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ തന്നെ അഭിപ്രായ ഭിന്നത തെളിയിക്കുന്നതായിരുന്നു. അതേസമയം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചരണ വിഷയം കുടിയേറ്റ നിയമമായിരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന ജോ ബൈഡന്‍, കമലാ ഹാരിസ് എന്നിവരുള്‍പ്പടെയുള്ള പത്ത് പേരുടെ ടെലിവിഷന്‍ ചര്‍ച്ച അടുത്ത ബുധനാഴ്ച്ച നടക്കും. ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന പാര്‍ട്ടിക്കുള്ളിലെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കൊടുവില്‍, അടുത്ത വര്‍ഷം ജൂലൈയിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി തങ്ങളുടെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. 2020 നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top