വിദേശ രാജ്യങ്ങളിൽ നിന്നും ഇക്കുറി ഹജ്ജിനെത്തിയ തീർത്ഥാടകരുടെ എണ്ണം പന്ത്രണ്ടര ലക്ഷം

വിദേശ രാജ്യങ്ങളില്‍ നിന്നും പന്ത്രണ്ടര ലക്ഷത്തോളം തീര്‍ഥാടകര്‍ ഹജ്ജിനെത്തി. ഭൂരിഭാഗം തീര്‍ഥാടകരും ഇപ്പോള്‍ മക്കയിലാണ് ഉള്ളത്. സൗദി റെഡ് ക്രസന്റിനു കീഴില്‍ അഞ്ച് എയര്‍ ആമ്പുലന്‍സുകള്‍ ഹജ്ജ് വേളയില്‍ സര്‍വീസ് നടത്തും.
ചൊവ്വാഴ്ച വരെയുള്ള കണക്കനുസരിച്ച് 12,49,951 വിദേശ തീര്‍ഥാടകര്‍ സൌദിയിലെത്തി. ഇതില്‍ 13549 തീര്‍ഥാടകര്‍ കപ്പല്‍ മാര്‍ഗവും 67198 തീര്‍ഥാടകര്‍ റോഡ് മാര്‍ഗവും ബാക്കിയുള്ളവര്‍ വിമാനമാര്‍ഗവുമാണ് സൗദിയില്‍ എത്തിയത്. ഇതില്‍ രണ്ട് ലക്ഷത്തോളം തീര്‍ഥാടകര്‍ മദീനയിലും ബാക്കിയുള്ളവരെല്ലാം മക്കയിലുമാണ് ഇപ്പോള്‍ ഉള്ളത്.
അതേസമയം തീര്‍ഥാടകരുടെ സേവനത്തിനായി അഞ്ച് എയര്‍ ആംബുലന്‍സുകള്‍ സര്‍വീസ് നടത്തുമെന്ന് സൗദി റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. ആധുനിക മെഡിക്കല്‍ ഉപകരണങ്ങളോട് കൂടി ഏറ്റവും പുതിയ ഹെലിക്കോപ്റ്ററുകളാണ് സര്‍വീസ് നടത്തുക. മുപ്പത്തിയാറ് സ്ഥിരം കേന്ദ്രങ്ങളും എണ്‍പത്തിയൊമ്പത് താല്‍ക്കാലിക കേന്ദ്രങ്ങളും റെഡ്ക്രസന്റിന് കീഴില്‍ മക്കയില്‍ പ്രവര്‍ത്തിക്കുന്നു. 370 ആംബുലന്‍സുകളും നൂറുക്കണക്കിന് മോട്ടോര്‍ ബൈക്കുകളും സര്‍വീസ് നടത്തും.
പരിശീലനം ലഭിച്ച 2700 ജീവനക്കാരെയാണ് സൗദി റെഡ് ക്രസന്റ് പുണ്യഭൂമിയില്‍ വിന്യസിച്ചിരിക്കുന്നത്. അതേസമയം ഇതുവരെ 107 തീര്‍ഥാടകര്‍ക്ക് സൗദിയില്‍ വെച്ച് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 683 തീര്‍ഥാടകര്‍ക്ക് ഡയാലിസിസ് ചെയ്യുന്നു. 35 ബൈനോകുലര്‍ ഓപ്പറേഷനും 219 ജനറല്‍ സര്‍ജറിയും നടത്തിയതായി മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here