ഹെൽമറ്റ് ഇല്ലാത്തതിനു പൊലീസ് പിഴ; സ്റ്റേഷനിലെ വൈദ്യുതിബന്ധം വിഛേദിച്ച് വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥൻ

ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പെറ്റിയടിച്ചതിനെ തുടർന്ന് പോലീസ് സ്റ്റേഷനിലെ വൈദ്യുതി ബന്ധം വിഛേദിച്ച് വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥൻ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം.
ശ്രീനിവാസൻ എന്ന വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥനാണ് പോലീസിനോട് പ്രതികാരം തീർത്തത്. ചൊവ്വാഴ്ച വൈകുന്നേരം ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ സഞ്ചരിക്കുമ്പോഴാണ് ശ്രീനിവാസൻ പോലീസിന്റെ വലയിലാകുന്നത്. പോലീസുകാർ 500 രൂപയാണ് പെറ്റിയടിച്ചത്.
പോലീസ് സ്റ്റേഷന്റെ ആറു ലക്ഷത്തിൽ അധികം വരുന്ന വൈദ്യുതി ബിൽ അടയ്ക്കാത്ത പോലീസുകാരാണ് തന്നെ ട്രാഫിക് നിയമം പഠിപ്പിക്കാൻ വരുന്നതെന്ന് ശ്രീനിവാസൻ ചോദിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട് പ്രദേശത്ത് ആകെ സഞ്ചരിക്കേണ്ടിവരും. അതുകൊണ്ട് ഹെൽമെറ്റ് ധരിക്കാൻ കഴിയില്ലെന്നും ശ്രീനിവാസൻ വാദിച്ചു. എന്നാൽ പോലീസുകാർ ദയകാട്ടിയില്ല. ഇതോടെ പോലീസുകാരെ പാഠം പഠിപ്പിക്കാൻ ശ്രീനിവാസൻ തീരുമാനിക്കുകയായിരുന്നു.
കുടിശിക അടയ്ക്കാൻ ലിനേപർ പോലീസ് സ്റ്റേഷനിൽ പലതവണ ആവശ്യപ്പെട്ടിട്ടും പോലീസുകാർ തയാറായില്ലെന്ന് ശ്രീനിവാസൻ പറയുന്നു. ആറു ലക്ഷത്തോളം രൂപയായിരുന്നു കുടിശിക. ഇതാണ് വൈദ്യുതി ബന്ധം വിഛേദിക്കാൻ കാരണമായതെന്നും ഇദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here