സ്വന്തം നിർമാണക്കമ്പനിയിലൂടെ വിനീത് ശ്രീനിവാസന്റെ ആദ്യ സിനിമ; നായിക അന്ന ബെൻ

സ്വന്തം നിർമാണകമ്പനിയിലൂടെ ആദ്യ സിനിമ നിർമിക്കാനൊരുങ്ങി വിനീത് ശ്രീനിവാസൻ. വിനീത് ശ്രീനിവാസന്‍ പ്രൊഡക്ഷന്‍സ് എന്ന പേരിലെത്തുന്ന കമ്പനി നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തില്‍ അന്ന ബെന്‍ നായികയാവുന്നു എന്നാണ് വിവരം. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് വിനീത് തന്നെ പുറത്തുവിടും.

കുമ്പളങ്ങി നൈറ്റ്സ് എന്ന അരങ്ങേറ്റ ചിത്രത്തിലെ ബേബി മോൾ എന്ന കഥാപാത്രമായി ഏറെ ശ്രദ്ധിക്കപ്പെട്ട അന്നയുടെ രണ്ടാമത്തെ ചിത്രമായിരിക്കും ഇത്. വിനീത് ശ്രീനിവാസൻ്റെ നിർമാണത്തിൽ നവാഗതനായ മാത്തുക്കുട്ടിയാണ് സംവിധാനം. ഹെലന്‍ എന്ന് സിനിമയ്ക്ക് പേരിട്ടതായി സൂചനകളുണ്ട്. നോബിള്‍ ബാബു തോമസാണ് നായക വേഷം കൈകാര്യം ചെയ്യുക. ആഗസ്റ്റ് രണ്ടിന് ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.

ആനന്ദം എന്ന സിനിമയിലൂടെ നിര്‍മാണ രംഗത്ത് എത്തിയെങ്കിലും ആദ്യമായിട്ടാണ് വിനീത് സ്വന്തം കമ്പനിയിലൂടെ സിനിമാ നിർമാണത്തിലേക്ക് കടക്കുന്നത്. വിനീത് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരപുത്രി കീര്‍ത്തി സുരേഷ് നായികയായി എത്താന്‍ സാധ്യതയുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഏറ്റെടുത്ത സിനിമകളുടെ തിരക്ക് കഴിഞ്ഞിട്ട് അടുത്ത വര്‍ഷത്തോടെ ഈ സിനിമ ആരംഭിക്കുമെന്നാണ് കരുതുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top