‘വേണ്ടത് നല്ല പരിശീലകനും സെലക്ഷൻ കമ്മറ്റിയും’; കോലിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റുന്നത് മണ്ടത്തരമെന്ന് അക്തർ

വിരാട് കോലിയെ ഇപ്പോൾ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റുന്നത് മണ്ടത്തരമാണെന്ന് മുൻ പാക്ക് പേസർ ഷൊഐബ് അക്തർ. തൻ്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു അക്തറിൻ്റെ പ്രതികരണം. ഇന്ത്യക്ക് വേണ്ടത് നല്ലൊരു പരിശീലകനെയും സെലക്ഷൻ കമ്മറ്റിയെയുമാണെന്നും അദ്ദേഹം പറഞ്ഞു.
“വിരാട് കോലിയെ ഇന്ത്യൻ നായക സ്ഥാനത്ത് നിന്ന് മാറ്റരുതെന്നാണ് തനിക്ക് പറയാനുള്ളത്. കഴിഞ്ഞ 3,4 വർഷങ്ങളായി ടീമിനെ നയിക്കുന്നത് കോലിയാണ്. അദ്ദേഹത്തിന് ഇപ്പോൾ വേണ്ടത് നല്ലൊരു പരിശീലനേയും, നല്ലൊരു സെലക്ഷൻ കമ്മറ്റിയേയുമാണ്. അങ്ങനെയാണെങ്കിൽ കോലിക്ക് കൂടുതൽ മികച്ച ക്യാപ്റ്റനാവാൻ സാധിക്കും.”- അക്തർ പറഞ്ഞു.
രോഹിത് ശർമ മികച്ച ക്യാപ്റ്റനാണെന്നും അക്തർ കൂട്ടിച്ചേർത്തു. രോഹിത് മികച്ച ക്യാപ്റ്റനാണെങ്കിലും ഇന്ത്യയെ നയിക്കാൻ കോലി തന്നെയാണ് അനുയോജ്യനെന്നും അദ്ദേഹം പറയുന്നു.
ലോകകപ്പ് സെമിഫൈനലിൽ പുറത്തായതിനു പിന്നാലെ കോലിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റി രോഹിതിന് അവസരം നൽകണമെന്ന ആവശ്യങ്ങൾ ശക്തമാവുന്നതിനിടെയാണ് അക്തറിൻ്റെ അഭിപ്രായ പ്രകടനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here