Advertisement

സമ്പത്തിന്റെ നിയമനം; കാര്യം മനസ്സിലാക്കാതെ വിമർശിക്കരുതെന്നും തെലങ്കാനയ്ക്ക് നാല് പ്രതിനിധികൾ ഡൽഹിയിലുണ്ടെന്നും മന്ത്രി എം.എം മണി

August 2, 2019
Google News 0 minutes Read

മുൻ എം.പി എ.സമ്പത്തിനെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് പദവിയോടെ ഡൽഹിയിൽ നിയമിച്ചതിനെ വിമർശിക്കുന്നവർ കാര്യം മനസ്സിലാക്കാതെയാണ് വിമർശിക്കുന്നതെന്ന് മന്ത്രി എം.എം മണി. തെലങ്കാന, തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾക്ക് വളരെ മുമ്പ് തന്നെ ഡൽഹിയിൽ ഇത്തരത്തിൽ പ്രതിനിധികളുണ്ട്.

തെലങ്കാന സംസ്ഥാനത്തിനായി നാല് പേരാണ് ഡൽഹിയിലുള്ളതെന്നും കേന്ദ്രമന്ത്രിമാരെ ഉൾപ്പെടെ കാണാനാണ് സമ്പത്തിന് ക്യാബിനറ്റ് റാങ്ക് നൽകിയിരിക്കുന്നതെന്നും എം.എം മണി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. എല്ലാ കാര്യത്തിലും തുടക്കത്തിലേ തന്നെ സർക്കാരിനെ വിമർശിക്കുകയെന്ന രീതി മാറ്റി ഇക്കാര്യത്തിൽ എ.സമ്പത്തിന്റെ പ്രവർത്തനവും അതുവഴി സംസ്ഥാനത്തിന് ലഭിക്കുന്ന നേട്ടങ്ങളും പരിശോധിച്ചതിനു ശേഷം വിലയിരുത്തുകയാകും ഉചിതമെന്നും മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

മന്ത്രി എം.എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മുൻ എം.പി. ഡോ. എ. സമ്പത്തിനെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ ക്യാബിനറ്റ് പദവിയോടെ നിയമിച്ചതിനെ ചിലർ വിമർശിക്കുന്നു. കാര്യം മനസ്സിലാക്കാതെയാണ് ഇത്തരം വിമർശനം. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ തെലങ്കാന, തമിഴിനാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഡൽഹിയിൽ വളരെ മുമ്പേ അവരുടെ പ്രതിനിധികളുണ്ട്. നാലു പേരാണ് തെലങ്കാനക്ക് ഡൽഹിയിൽ ഉള്ളത്. സംസ്ഥാനങ്ങളിൽ നിരവധി കേന്ദ്രപദ്ധതികൾ നടപ്പാക്കുന്നുണ്ട്. അവ കൃത്യമായി നേടിയെടുക്കുക, ഫോളോ അപ്പ് ചെയ്യുക, ആവശ്യമായ ഇടപെടൽ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നിയമനങ്ങൾ. കേന്ദ്രമന്ത്രിമാരെ ഉൾപ്പെടെ കാണാനും സംസാരിക്കാനും കഴിയുന്നതിനു വേണ്ടിയാണ് ക്യാബിനറ്റ് റാങ്ക് നല്കിയത്. രാഷ്ട്രീയ ഇടപെടലുകൾ ആവശ്യമായ ഘട്ടത്തിൽ അതിനുപകരിക്കാൻ കൂടിയാണ് മൂന്നു തവണ എം.പി.യായിരുന്നപ്പോളുള്ള ദില്ലിയിലെ പരിചയ സമ്പത്തു കൂടി കണക്കിലെടുത്ത് എ. സമ്പത്തിനെ നിയമിച്ചത്. ഇത് കേരളത്തിന് ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.

എല്ലാ കാര്യത്തിലും തുടക്കത്തിലേ സർക്കാരിനെ വിമർശിക്കുക എന്ന രീതി മാറ്റി, ഇക്കാര്യത്തിൽ എ. സമ്പത്തിന്റെ പ്രവർത്തനവും അതുവഴി സംസ്ഥാനത്തിന് ലഭിക്കുന്ന നേട്ടങ്ങളും പരിശോധിച്ചതിനു ശേഷം വിലയിരുത്തുകയാകും ഉചിതം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here