ട്രെയിൻ യാത്രയ്ക്കിടെ കാണാതായ വിദ്യാർത്ഥിയെ കുറ്റിപ്പുറത്ത് നിന്നും കണ്ടെത്തി

ട്രെയിന്‍ യാത്രക്കിടെ കാണാതായ പത്തനാപുരം സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥിയെ മലപ്പുറം കുറ്റിപ്പുറത്ത് നിന്നും അന്വേഷണ സംഘം കണ്ടെത്തി. പത്തനാപുരം കടയ്ക്കാമണ്‍ പാണുവേലില്‍ മണ്ണില്‍ വില്ലയില്‍ സാബു ജോസഫിന്‍റെ മകന്‍ സിറില്‍ സാബുവിനെയാണ് നേത്രാവതി എക്സ്പ്രസില്‍ മംഗലാപുരത്തേക്ക് പോകുന്നതിനിടെ പോലീസ് കണ്ടെത്തിയത്.

ജൂലൈ 18നാണ് പാമ്പാടി  നെഹ്റു എഞ്ചിനീയറിംഗ്  കോളജിലെ മൂന്നാം വര്‍ഷ  മെക്കട്രോണിക്സ് വിദ്യാര്‍ത്ഥിയായ സിറിലിനെ കാണാതാകുന്നത്. സ്പ്ലിമെന്‍ററി പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്ക് വരാനായി ഷൊര്‍ണ്ണൂരില്‍ നിന്നും ഏറനാട് എക്സ്പ്രസില്‍ കയറിയ സിറിലിനെ കാണാതാവുകയായിരുന്നു. രാത്രി ഏറെ വൈകിയും മകനെ കാണാതായതോടെ മാതാപിതാക്കള്‍ പത്തനാപുരം പോലീസില്‍ പരാതി നല്‍കി. പത്തനാപുരം പോലീസ് കോളേജ് സ്ഥിതിചെയ്യുന്ന പഴയന്നൂര്‍  പോലീസിന് പരാതി കൈമാറി. ആദ്യം മന്ദഗതിയിലായിരുന്ന പോലീസ് അന്വേഷണം ഡിഐജി എസ്. സുരേന്ദ്രന്‍റെ പ്രത്യേക നിര്‍ദ്ധേശപ്രകാരം കൂടുതല്‍ കാര്യക്ഷമമായി. പഴയന്നൂര്‍ എസ്. ഐ ബാബുവിന് അന്വേഷണച്ചുമതലയും നല്‍കി.

വിദ്യാര്‍ത്ഥിയെ  കാണാനില്ലന്ന് കാട്ടി ലൂക്ക് ഓട്ട് നോട്ടീസും പ്രധാനകേന്ദ്രങ്ങളില്‍ പോലീസ് പതിച്ചിരുന്നു. വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ ഓഫായിരുന്നതിനാല്‍ ലൊക്കേഷന്‍ കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. ഒടുവില്‍ അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച വൈകിട്ട് 5.45 ഓടെ നേത്രാവധി എക്സ്പ്രസില്‍ നിന്നുമാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ മംഗലാപുരേത്തേക്ക് പോവുകയാണന്നും യാത്രകള്‍ ഇഷ്ടമായതു കൊണ്ടാണ് ആരോടും പറയാതെ പോയതെന്നുമാണ് സിറില്‍ സാബു പറഞ്ഞത്. കണ്ടെത്തുമ്പോള്‍ മറ്റാരു സഹപാഠിയും കൂടെയുണ്ടായിരുന്നു. പതിമൂന്ന് ദിവസം കൊണ്ട് ഗോവ, കന്യാകുമാരിയടക്കമുളള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോയന്നുമാണ് സിറില്‍ പറഞ്ഞത്. അതേ സമയം പരീക്ഷയില്‍ തോറ്റതിലുളള വിഷമം മൂലം മാതാപിതാക്കളെ ഭയന്ന് വീട് വിട്ട് ഇറങ്ങിയതാകാമെന്ന കണക്കൂട്ടലിലാണ് പോലീസ്. വ്യാഴാഴ്ച രാവിലെ 10 മണിയോടെ സിറില്‍ സാബു പത്തനാപുരത്തെ വസതിയില്‍ തിരിച്ചെത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top