ലക്‌നൗ ആശുപത്രിയിൽ നിന്നും ഉന്നാവ് പെൺകുട്ടിയേയും അഭിഭാഷകനെയും എയിംസിലേക്ക് മാറ്റുന്ന കാര്യം; വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ലക്‌നൗവിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഉന്നാവ് പെൺകുട്ടിയെയും അഭിഭാഷകനെയും ഡൽഹി എയിംസിലേക്ക് മാറ്റുന്ന കാര്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. റായ്‌ബറേലി ജയിലിൽ കഴിയുന്ന പെൺകുട്ടിയുടെ അമ്മാവനെ തിഹാർ ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ ഉത്തർപ്രദേശ് സർക്കാർ നിലപാട് അറിയിച്ചേക്കും.
പെൺകുട്ടിയെയും അഭിഭാഷകനെയും ഡൽഹി എയിംസിലേക്ക് മാറ്റുന്ന കാര്യത്തിൽ ബന്ധുക്കളുടെ നിലപാട് അറിഞ്ഞ ശേഷം തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്‌തമാക്കിയിരുന്നു. ബന്ധുക്കളുമായി സംസാരിച്ച ശേഷം നിലപാട് അറിയിക്കാൻ അമിക്കസ് ക്യൂറിയും മുതിർന്ന അഭിഭാഷകനുമായ വി.ഗിരിയോട് നിർദേശിച്ചു. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് ഇക്കാര്യത്തിൽ നിർണായകമാകും. ഇരുവരെയും ഡൽഹിയിലേക്ക് മാറ്റുന്നതിൽ തടസമില്ലെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്.
Read Also : ഉന്നാവ് വധശ്രമക്കേസ്; അപകടത്തോടെ കാറിലുണ്ടായിരുന്ന തെളിവുകൾ നശിപ്പിച്ചെന്ന് അഭിഭാഷകൻ
അതേസമയം, പെൺകുട്ടിയുടെ അമ്മാവനെ റായ്‌ബറേലി ജയിലിൽ നിന്ന് തിഹാർ ജയിലിലേക്ക് മാറ്റണമെന്ന് പെൺകുട്ടിക്ക് വേണ്ടി ഹാജരായ അഡ്വ. ഡി. രാമകൃഷ്ണ റെഡ്‌ഡി ഉന്നയിച്ച ആവശ്യത്തിലും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കും. അമ്മാവനെ കള്ളകേസിൽ കുടുക്കിയതാണെന്നും, അമ്മാവന്റെ ജീവന് ജയിലിൽ ഭീഷണിയുണ്ടെന്നുമാണ് വാദം. ഉത്തർപ്രദേശ് സർക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷമാകും ഇക്കാര്യത്തിൽ കോടതി തീരുമാനമെടുക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here